ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തിന്റെ അന്തിമ ചര്‍ച്ചകള്‍ക്ക് രാജ്യതലസ്ഥാനത്ത് തുടങ്ങി. പരിഗണിക്കേണ്ടവരുടെ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാറും ഇന്ന് വീണ്ടും ഡല്‍ഹിയിലെത്തി. . നാളെ ഉച്ചയ്ക്ക് 12.30-നാണ് സത്യപ്രതിജ്ഞ. അതുകൊണ്ട് തന്നെ ഇന്ന് വൈകുന്നേരത്തിന് മുമ്പ് തന്നെ മന്ത്രിമാരുടെ പട്ടികയും വകുപ്പ് വിഭജനവും അന്തിമമാക്കേണ്ടതുണ്ട്.
സമ്പൂര്‍ണ്ണ മന്ത്രിസഭയാകും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചത്. മന്ത്രിസഭയില്‍ 25നും 30നും ഇടയില്‍ അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി.വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരുമായിട്ടാണ് ഡല്‍ഹിയില്‍ ഇന്ന് സിദ്ധരാമയ്യയും ഡി.കെ.യും കൂടിക്കാഴ്ച നടത്തുക.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രധാന നേതാക്കളെ ആദ്യ ഘട്ടത്തില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കില്ല. ഈ തീരുമാനം ബിജെപി വിട്ടെത്തിയ ജഗദീഷ് ഷെട്ടാറിന് തിരിച്ചടിയാകും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും. ഷെട്ടാര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും എംഎല്‍സിയിലൂടെ തിരഞ്ഞെടുത്ത് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ അവഗണിച്ച് ഷെട്ടാറിനെ പരിഗണിച്ചാല്‍ പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന അനിഷ്ടം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ഇന്ന് രാവിലെ സിദ്ധരാമയ്യയുമായി ജഗദീഷ് ഷെട്ടാര്‍ കൂടികാഴ്ച നടത്തി.
മന്ത്രിസസ്ഥാനം ആവശ്യപ്പെട്ട് ചില എംഎല്‍എമാര്‍ പരസ്യപ്രസ്താനകളും ഇവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പുറമെ മത-സാമുദായിക പരിഗണനകളും പാര്‍ട്ടിക്ക് തലവേദനയാവും.
അതേ സമയം മുന്‍ കെപിസിസി അധ്യക്ഷന്‍ ജി.പരമേശ്വര, ലിംഗായത്ത് നേതാവ് എംബി പാട്ടീല്‍, വടക്കന്‍ കര്‍ണാടകയിലെ ശക്തനായ നേതാവ് സതീഷ് ജാര്‍ക്കിഹോളി എന്നിവര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇവര്‍ക്ക് സുപ്രധാന വകുപ്പുകള്‍ ലഭിക്കുകയും ചെയ്യും. ജി.പരമേശ്വരയും എം.ബി.പാട്ടീലും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചവരായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതില്‍ ജി.പരമേശ്വര പരസ്യപ്രതികരണവും നടത്തുകയുണ്ടായി.
എന്നാല്‍ ദളിത് നേതാവാണെന്നതും 2018-ല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി പരിചയമുണ്ടെന്നതും പ്രധാനവകുപ്പ് ലഭിക്കാന്‍ പരമേശ്വരയ്ക്ക് അനുകൂല ഘടകങ്ങളാണ്. കെ.പി.സി.സി. പ്രസിഡന്റായി എട്ടുവര്ഷമിരുന്ന നേതാവുകൂടിയാണ് അദ്ദേഹം.
പ്രമുഖ ലിംഗായത്ത് മുഖമായ എം.ബി. പാട്ടീലിന് ഇത്തവണയും മികച്ചവകുപ്പ് ലഭിച്ചേക്കും. കിട്ടൂര് കര്‍ണാടകയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന നേതാവാണെന്നത് സതീഷ് ജാര്‍ക്കിഹോളിക്ക് അനുകൂലമാണ്. മുതിര്‍ന്ന നേതാവ് കെ.എച്ച് മുനിയപ്പ, മുന്‍ പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു, ഈശ്വര്‍ ഖാന്ദ്രേ, എച്ച്.സി മഹാദേവപ്പ എന്നിവരും മന്ത്രിമാരായേക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെയ്ക്കും മന്ത്രിസ്ഥാനം ലഭിക്കാനിടയുണ്ട്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വിനോദസഞ്ചാരവകുപ്പ് മന്ത്രിയായി മികച്ചപ്രകടനം നടത്തിയതും ദളിത് നേതാവായതും പ്രിയങ്ക് ഖാര്‍ഗെയ്ക്ക് സാധ്യതകൂട്ടുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ളവരും മലയാളികളുമായ യു.ടി. ഖാദര്‍, എന്‍.എ. ഹാരിസ്, കെ.ജെ. ജോര്‍ജ് എന്നിവരും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. മുന്‍പ് ആഭ്യന്തരമന്ത്രിയും ബെംഗളൂരു വികസനച്ചുമതലയുള്ള മന്ത്രിയും ആയത് ജോര്‍ജിന് അനുകൂലമാണ്. ദക്ഷിണ കന്നഡമേഖലയിലെ ന്യൂനപക്ഷ നേതാവാണെന്നത് യു.ടി. ഖാദറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. തുടര്‍ച്ചയായി നാലുതവണ എം.എല്‍.എ.യായ എന്‍.എ. ഹാരിസും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യയുടെ സഹചാരിയായ സമീര്‍ അഹമ്മദ് ഖാന് കൂടുതല്‍ സാധ്യത വെച്ച് പുലര്‍ത്തുന്ന നേതാവാണ്.
വനിതകളില്‍ ലക്ഷ്മി ഹെബ്ബാള്‍ക്കറും എം. രൂപകലയും മന്ത്രിയാകാനുള്ള സാധ്യതയുണ്ട്. ബി.ജെ.പി.യില്‍നിന്നുവന്ന ലക്ഷ്മണ് സാവദിക്കും മന്ത്രിസ്ഥാനം നല്‍കിയേക്കും.
സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ആരെന്നത് സംബന്ധിച്ചും ചര്‍ച്ചകളും നടക്കും. സിദ്ധരാമയ്യയും ശിവകുമാറും തങ്ങളുടെ വിശ്വസ്തരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്. നേരത്തെ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ചില വകുപ്പുകള്‍ വീതംവെക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയായിട്ടുണ്ട്. ഡി.കെ.ശിവകുമാര്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്നതിനൊപ്പം മറ്റു ചില സുപ്രധാന വകുപ്പുകളും അദ്ദേഹത്തിന്റെ വിശ്വസ്തര്‍ക്ക് നല്‍കേണ്ടിവരും. മത-സാമുദായിക-പ്രാദേശിക പരിഗണനകള്‍ നല്‍കുന്നതിനൊപ്പം നേതാക്കളുടെ സീനിയോറിറ്റിയും മന്ത്രിസഭാ രൂപീകരണത്തില്‍ പരിഗണനക്ക് വരും.