കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ.രത്നകുമാരി അധികാരമേറ്റു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ കേസില്‍ പ്രതിയായ പി.പി.ദിവ്യയെ മാറ്റിയതിനെ തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പിലാണു രത്നകുമാരി വിജയിച്ചത്. പി.പി.ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണു രത്നകുമാരി തോല്‍പ്പിച്ചത്.
അതേസമയം, തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തുടക്കത്തില്‍ മാധ്യമങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ വിലക്കേര്‍പ്പെടുത്തി. മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിലേക്ക് കടത്തിവിട്ടില്ല. വരണാധികാരി കൂടിയായ കല്കടര്‍ അരുണ്‍ കെ.വിജയന് ഇതുസംബന്ധിച്ച് പൊലീസിന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കലക്ടര്‍ നിലപാട് മയപ്പെടുത്തി.