ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചു. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. ഇതിനായി ഏതാനും നാളുകളായി ബി.ജെ.പി നീക്കം നടത്തിവരികയാണ്. ഈ നീക്കത്തിന് ശക്തി പകര്‍ന്നുകൊണ്ടാണ് അമിത് ഷാ നിയമ കമ്മീഷന് കത്തയച്ചത്.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയമ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ബല്‍വീര്‍ ചൗഹാന് അമിത് ഷാ കത്തയച്ചത്. ഇടയ്ക്കിടെ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത് ഭരണത്തെ ബാധിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. ഒരു ലോക്സഭയുടെ കാലാവധി കഴിയുന്ന അഞ്ച് വര്‍ഷത്തിനിടെ അഞ്ച് മുതല്‍ ഏഴ് വരെ നിയമസഭാ തെരഞ്ഞെടുപ്പുകളും നിരവധി പ്രാദേശിക തിരഞ്ഞെടുപ്പുകളും നടക്കുന്നുവെന്നും അമിത് ഷാ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലായ്പ്പോഴും ഏതെങ്കിലും തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ രാജ്യം എല്ലാപ്പോഴും തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തിലാണ്. ഇത് ഫണ്ട് ചെലവഴിക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചുമതലകളില്‍ മുഴുകുന്നതിനാല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാനാകുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതും പദ്ധതികളുടെ നടത്തിപ്പിന് തടസമാണ്. 201617ല്‍ വിവിധ തിരഞ്ഞെടുപ്പുകള്‍ നടന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 307 ദിവസത്തോളം മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തോട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് യോജിപ്പാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമി പ്രണബ് മുഖര്‍ജിയും ഇതിനോട് യോജിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഒറ്റ തിരഞ്ഞെടുപ്പ് ഫെഡറലിസം തകര്‍ക്കുമെന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണ്. ഒരു തിരഞ്ഞെടുപ്പ് ഫെഡറലിസത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.