ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 10 മണിയോട് കൂടി സംസ്ഥാനത്തെ ട്രെന്‍ഡ് വ്യക്തമാകും. 12 മണിയോട് കൂടി കര്‍ണാടക ആര് ഭരിക്കും എന്നതില്‍ വ്യക്തമായ ചിത്രം തെളിയും. 224 അംഗ നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ പ്രധാനപ്പെട്ടതാണ്. എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന്റെ വിജയപ്രതീക്ഷ ഉയര്‍ത്തുമ്പോള്‍ അതിനെയെല്ലാം തള്ളി തികഞ്ഞ ആത്മവിശ്വസത്തിലാണ് ബിജെപി. നിയമസഭയില്‍ നിര്‍ണായക സ്വാധീനമാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ്.
കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. മൂന്ന് തട്ടുകളിലായാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സിവില്‍ പൊലീസിന്റെ രണ്ട് തട്ടുകള്‍ക്ക് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ഒരു നിരയും എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജമാണ്.
113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗായ 73.19 % ആണ് ഇത്തവണ കര്‍ണാടകയിലേത്. കഴിഞ്ഞ തവണ 72.36% ആയിരുന്നു പോളിങ് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതല്‍ വോട്ട് ചെയ്തിരിക്കുന്നത്. പുരുഷന്മാരുടെ വോട്ടിങ് ശതമാനം 73.68 ശതമാനമാണ്. സ്ത്രീകളുടെ പങ്കാളിത്തം 72.7% ആയിരുന്നു.
2018 ല്‍ 104 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 37 സീറ്റുകള്‍ നേടിയ ജെഡിഎസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ ഓപ്പറേഷന് താമരയിലൂടെ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ പാളയത്തിലെത്തിച്ച് ബിജെപി അധികാരത്തിലെത്തുകയായിരുന്നു.