തിരുവനന്തപുരം സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. ഫലം അറിഞ്ഞ പതിനാല് വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ നാലെണ്ണം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പരമ്പരാഗത കോണ്‍ഗ്രസ് വാര്‍ഡില്‍ സിപിഎം അംഗം അട്ടിമറി വിജയം നേടി. ആറിടത്താണ് യുഡിഎഫിന് വിജയം. കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച ഒരു വാര്‍ഡ് ബിജെപി നേടി
എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ശശികുമാര്‍ (സിപിഐ) വിജയിച്ചു. 28 വോട്ടാണ് ഭൂരിപക്ഷം. ലിറ്റി ബാബു( കോണ്‍ഗ്രസ് )വിനെയാണ് പരാജയപ്പെടുത്തിയത്. നിലവിലെ സിപിഐ അംഗം ചിത്ര മോഹന്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് അംഗത്വം രാജിവെക്കുകയായിരുന്നു.
മഴുവന്നൂരിലെ ചീനിക്കുഴയില്‍ കോണ്‍ഗ്രസ് വിജയിച്ചു.കോണ്‍ഗ്രസ് അംഗം എന്‍ ടി ജോര്‍ജ് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരെഞ്ഞെടുപ്പ്.ജോര്‍ജിന്റെ മകന് ബേസില്‍ ജോര്‍ജാണ് വിജയി.സിപി എമ്മിലെ എന്‍ ടി സന്തോഷിനെയാണ് പരാജയപ്പെടുത്തിയത്.
ബത്തേരി നഗരസഭയിലെ മന്നം കൊല്ലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപെഎമ്മിലെ ഷേര്‍ളി കൃഷ്ണന് 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭൂരിപക്ഷം 44 വോട്ടായിരുന്നു. വോട്ട് നില എല്‍ ഡി എഫ് 480 ‘ യു ഡി എഫ് 330 ബിജെപി 81. പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഇളംങ്കാവ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ രാമകൃഷ്ണന് 213 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തിരുവേഗപ്പുറയിലെ ആമപ്പൊറ്റയില്‍ യുഡിഎഫ് വിജയിച്ചു.
കൊല്ലം ജില്ലയില്‍ ഭരണിക്കാവ് ടൗണില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു ഗോപാലകൃഷ്ണന് വിജയിച്ചു. എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ സി എസ് അനുജകുമാരിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഉമ്മന്നൂര്‍ കമ്പംകോട് പതിനൊന്നാം വാര്‍ഡ് യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് പഞ്ചായത്ത് അംഗം സ്കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് അര്‍ഹത നേടിയതിനെത്തുടര്‍ന്ന് രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിനിടയാക്കിയത്.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശശീന്ദ്രന് പിള്ള വിജയിച്ചു.കോണ്‍ഗ്രസില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശിവപ്രസാദന്‍ പിള്ള, കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണന നയങ്ങളിലും, അഴിമതിയിലും പ്രതിഷേധിച്ച് പാര്‍ടി സ്ഥാനങ്ങളും പഞ്ചായത്ത് അംഗത്വവും രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിലെ രവികുമാര്‍ യുഡി എഫ് സ്ഥാനാര്‍ഥിയായും, വിഷ്ണു എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിച്ചു. തൃശൂര്‍ കൈപമംഗലം ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്.സ്ഥാനാര്‍ത്ഥി ജാന്‍സി 65 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് 322. എല്‍.ഡി.എഫ്.257. ബി. ജെ. പി. 252. സ്വതന്ത്രന് 173. എന്നിങ്ങനെയാണ് വോട്ടുനില. കഴിഞ്ഞ തവണ വിജയിച്ച സിപിഎം സ്ഥാനാര്‍ഥിയെ അഴിമതിയെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വന്നത്. സിപിഎം പുറത്താക്കിയ അംഗം ഇപ്പോള്‍ കോണ്‍ഗ്രസിലാണ്.
കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറ വാര്‍ഡില്‍ സിപിഎമ്മിലെ സുനിത മലയില്‍ വിജയിച്ചു.226 വോട്ടിന്റെ ഭൂരിപക്ഷം.യുഡിഎഫിലെ ഉഷ നാലുപുരയ്ക്കലിനെയാണ് തോല്‍പ്പിച്ചത്. എല്‍ഡിഎഫ് അംഗം സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. വണ്ടന്മേട് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി.എല്‍ഡിഎഫ് സ്വതന്ത്രന് അജോ വര്‍ഗിസാണ് വിജയിച്ചത്. കോണ്‍ഗ്രസ് പഞ്ചായത്തംഗമായിരുന്ന ജോസ് മാത്യുവിന്റെ അകാല മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സ്ഥാനാനാര്ത്ഥിയുടെ വിജയത്തിനു വേണ്ടി ജോസ് മാത്യുവിന്റെ കുടുംബാംഗങ്ങള്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു. കോണ്‍ഗ്രസിലെ ജോസഫ് വേഴാമ്പലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. 20 വോട്ട് ഭൂരിപക്ഷം.രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഇഞ്ചിക്കാട് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പി സി സുഗന്ധി 154 വോട്ടിന്റെ ഭൂരിപക്ഷത്തിലും, വണ്ടന്മേട് പഞ്ചായത്ത് വെള്ളിമല വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രന് അജോ വര്‍ഗീസ് 21 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് നെടുങ്കണ്ടം ഈസ്റ്റ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു നെടുംപാറയ്ക്കല്‍ വിജയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന നാലിടത്തും എല്‍ഡി എഫ് വിജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. നിലവില്‍ യുഡിഎഫിന്റെ കുത്തകയായിരുന്ന കൊളച്ചേരിസീറ്റ് എല്‍ഡിഎഫ് 35 വോട്ടിനാണ് വിജയിച്ചത്. സിപിഎം മയ്യില്‍ ഏരിയാകമ്മറ്റി അംഗം കെ.അനില്‍ കുമാറാണ് വിജയിച്ചത്..
തലശേരി നഗരസഭ ആറാം വാര്‍ഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി കെ എന്‍ അനീഷ് 475 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കെ എന്‍ അനീഷിന് 680 വോട്ട് ലഭിച്ചു. ബിജെപിയിലെ ടി എം നിശാന്തിന് 205 വോട്ടും കോണ്‍ഗ്രസിലെ കുഞ്ഞികൃഷ്ണന് 188 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ 333 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത് ഇത്തവണ വോട്ടും ഭൂരിപക്ഷവും വര്‍ധിച്ചു. . ബി ജെ പിക്കും കോണ്‍ഗ്രസിനും വോട്ട് കുറഞ്ഞു. നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായിരുന്ന എം വേണുഗോപാലിന്റ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി 12 മൈല്‍ വാര്‍ഡില്‍ കാഞ്ഞന്‍ ബാലന് (സിപിഎം) വിജയിച്ചു.സിപിഎമ്മിലെ ഞാറ്റുതല രാജന് മരിച്ചതിനെത്തുടന്ന് ഉപതെരഞ്ഞെടുപ്പ്. കെ പി പ്രകാശന് (കോണ്‍ഗ്രസ്) രണ്ടാമതെത്തി. കണ്ണപുരം പഞ്ചായത്ത് കയറ്റീല്‍ വാര്‍ഡില്‍ പി വി ദാമോദരന്‍ (സിപിഎം ) വിജയിച്ചു. സിപിഐ എമ്മിലെ എ രാമചന്ദ്രന് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. രഘുരാമന് കീഴറ(കോണ്‍)., മണിയമ്പാറ ബാലകൃഷ്ണന് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരം നന്ദിയോട് മീന്മുട്ടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര് പുഷ്പന് 106 വോട്ടിന് വിജയിച്ചു.
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വാര്‍ഡില്‍ ബിജെപി ജയിച്ചു. കഴിഞ്ഞതവണ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലൈല നേതൃത്വത്തോട് കലഹിച്ച് രാജിവെച്ചതോടെയാണ് ഉപതെരെഞ്ഞെടുപ്പ് ഉണ്ടായത്. ബിജെപി 421, എല്‍ഡിഎഫ് 387, യുഡിഎഫ് 319 എന്നിങ്ങനെയാണ് വോട്ടുനില..34 വോട്ട് ഭൂരിപക്ഷം.യുഡിഎഫ് കോട്ടയായിരുന്ന വാര്‍ഡാണിത്.ഇക്കുറി അവര്‍ മൂന്നാം സ്ഥാനത്തായി. താനൂര്‍ ബ്ലോക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി വി അഷ്റഫ് വിജയിച്ചു
63 സ്ഥാനാര്‍ത്ഥികളാണ് 20 വാര്‍ഡുകളിലായി ജനവിധി തേടിയത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.