മുംബൈ:എന്‍സിപി പിളര്‍ത്തിയ അജിത് പവാറിനും സംഘത്തിനുമെതിരെ ശരത് പവാര്‍ വിഭാഗം നിയമ നടപടികളിലേക്ക്. ശിവസേന-ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനിനേയും മന്ത്രിമാരായി ചുമതലയേറ്റ എട്ട് മറ്റു എന്‍സിപി എംഎല്‍എമാരേയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്ക് പാര്‍ട്ടി കത്ത് നല്കി.
അജിത് പവാറിനു പുറമേ, എന്‍.സി.പി.യില്‍നിന്നുള്ള ഛഗന്‍ ഭുജ്ബല്‍, ദിലീപ് വല്‍സെ പാട്ടീല്‍, ഹസന് മുഷിറിഫ്, ധനഞ്ജയ മുണ്ടെ, അദിതി തത്കരെ, ധര്‍മറാവു അത്രം, അനില്‍ പാട്ടീല്‍, സഞ്ജയ് ബന്‍സോഡെ എന്നിവരാണ് മന്ത്രിമാരായത്. ഇവര്‍ക്കെതിരേയാണ് നിയമ നടപടി തുടങ്ങിയത്.
‘ഒമ്പത് നേതാക്കളെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ട് ഞങ്ങള്‍ നിയമസഭാ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്’ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു. പാര്‍ട്ടി വിടുംമുമ്പ് ഇക്കാര്യം അവര്‍ ആരേയും അറിയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചിട്ടുണ്ട്. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് പാര്‍ട്ടിക്കെതിരെ നീങ്ങിയതെന്നും ജയന്ത് പാട്ടീല്‍ വ്യക്തമാക്കി. അജിത് പവാറിനൊപ്പം പോയ മിക്ക എംഎല്‍എമാരും തിരിച്ചെത്തുമെന്നും അവരെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 29 എംഎല്‍എമാര്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം അജിത് പവാര്‍ രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്തത്. 40 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും കൂടുതല്‍ പേര് ഉടന്‍ തനിക്കൊപ്പം ചേരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാല്‍ മന്ത്രിസഭയില്‍ ചേര്‍ന്നവര്‍ക്കെതിരെ മാത്രമാണ് നിലവില്‍ എന്‍സിപി അയോഗ്യത നീക്കം നടത്തുന്നത്. മറ്റുള്ള എംഎല്‍എമാരെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഭൂരിപക്ഷം പാര്‍ട്ടി ജില്ലാ ഘടകങ്ങളും ശരത് പവാറിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അഴിമതി പാര്‍ട്ടിയെന്ന് ബിജെപി വിശേഷിപ്പിച്ച എന്‍സിപിയിലെ നേതാക്കളെ ഇപ്പോള്‍ അവര്‍ സ്വാഗതം ചെയ്തിരിക്കുകയാണെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലേ പരിഹസിച്ചു.