കോഴിക്കോട്: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. പതിനഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതോടെ പഞ്ചായത്ത് ഭരണം നിലനില്‍ത്തി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ രാധയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പി മുംതാസ് 168 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണിത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി മുംതാസിന് 755 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെസി ആസ്യയ്ക്ക് 587 വോട്ടുകളുമാണ് ലഭിച്ചത്.
15ാം വാര്‍ഡില്‍ രണ്ട് ബൂത്തുകളിലായിട്ടായിരുന്നു വോട്ടെടുപ്പ് നടന്നത്. ഒന്നാം ബുത്തില്‍ ആസിയക്കായിരുന്നു മുന്‍തൂക്കം. ആസിയക്ക് 337 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പി മുംതാസ് 325 വോട്ട് നേടി. ബൂത്ത് രണ്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 250 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി 430 വോട്ടും നേടി.
ആകെയുള്ള 1532 വോട്ടര്‍മാരില്‍ 1376 പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി കെ എം ശലീന മത്സരിച്ചെങ്കിലും മുന്നേറ്റം ഉണ്ടാക്കാനായില്ല. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ട് വീതം അപര സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ടായിരുന്നു.