കൊച്ചി: ലോകത്തിലെ ഏറ്റവും മിടുക്കരായ കുട്ടികളുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥിയായ പ്രീഷ ചക്രബൂര്‍ത്തി. 90 രാജ്യങ്ങളിലെ 16,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നാണ് ഒന്‍പത് വയസുകാരിയും പട്ടികയില്‍ ഇടം നേടിയത്. ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് ആണ് ലോകത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.
കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിംഗ് എലിമെന്ററി സ്കൂളിലെ ഗ്രേഡ് 3 വിദ്യാര്‍ത്ഥിനിയാണ് പ്രീഷ. 2023-ലാണ് യുഎസ് ആസ്ഥാനമായുള്ള ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് (ജെഎച്ച്-സിടിവൈ) പരീക്ഷ എഴുതിയത്. എസ്എടി (സ്കോളസ്റ്റിക് അസസ്മെന്റ് ടെസ്റ്റ്), എസിടി(അമേരിക്കന്‍ കോളേജ് ടെസ്റ്റിംഗ്),സിടിവൈ ടാലന്റ് സെര്‍ച്ചിന്റെ ഭാഗമായുള്ള സ്കൂള്‍, കോളേജ് എബിലിറ്റി ടെസ്റ്റ് തുടങ്ങിയവയില്‍ അസാധാരണമായ പ്രകടനമാണ് പ്രീഷ കാഴ്ചവെച്ചത്. ലോകമെമ്പാടുമുള്ള 90-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 16,000-ലധികം വിദ്യാര്‍ത്ഥികളുടെ ഫലങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പ്രീഷ പട്ടികയില്‍ ഇടം നേടിയത്.
എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും ഉയര്‍ന്ന മാര്‍ക്കോടെയാണ് പ്രീഷ വിജയിച്ചത്. അഞ്ച് ഘട്ടമായി നടത്തിയ പരീക്ഷകളിലും 99-ാം ശതമാനം മാര്‍ക്കോടെ അഡ്വാന്‍സ്ഡ് ഗ്രേഡ് കരസ്ഥമാക്കിയതായി പത്രക്കുറിപ്പില്‍ പറയുന്നു. ഉന്നത വിദ്യാര്‍ത്ഥികള്‍ക്കായി ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് നല്കുന്ന ഗണിതശാസ്ത്രം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, രസതന്ത്രം, ഭൗതികശാസ്ത്രം, എന്നീ പ്രോ?ഗ്രാമുകളിലേക്ക് നേരിട്ട് പ്രീഷ യോ?ഗ്യത നേടി. ഇതോടെ ജോണ്‍സ് ഹോപ്കിന്‍സ് സിടിവൈ യുടെ 250-ലധികം ഓണ്‍ലൈന്‍, ക്യാമ്പസ് പ്രോഗ്രാമുകള്‍ ചെയ്യാന്‍ പ്രീഷയ്ക്ക് കഴിയുന്നതാണ്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഐക്യൂ സൊസൈറ്റിയായ മെന്‍സ ഫൗണ്ടേഷന്റെ ആജീവനാന്ത അംഗമാണ് പ്രീഷ. സ്റ്റാന്‍ഡേര്‍ഡ്, സൂപ്പര്‍വൈസ്ഡ് ഇന്റലിജന്‍സ് ടെസ്റ്റുകളില്‍ 98-ാം ശതമാനമോ അതില്‍ കൂടുതലോ സ്കോര്‍ ചെയ്യുന്ന ആളുകള്‍ക്കാണ് അംഗത്വം ലഭിക്കുന്നത്. പഠനത്തിലേറെ അഭിനിവേശമുള്ളയാളാണ് പ്രീഷയെന്ന് മാതാപിതാക്കള്‍ പറയുന്നു. അസാധാരണമായ അക്കാദമിക് കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടിയാണ് അവളെന്ന് സ്കൂള്‍ അധികൃതരും പറയുന്നു. പഠനത്തിന് പുറത്ത് യാത്രകള്‍, ആയോധന കലകള്‍ എന്നിവയാണ് പ്രീഷയുടെ ഇഷ്ട വിനോദങ്ങള്‍.