തിരുവനന്തപുരം: അഞ്ചു വര്‍ഷം കൂടുമ്പള്‍ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്ക് നിര്‍ബന്ധിത സ്ഥലം മാറ്റം നടത്തുന്നത് വിദ്യഭ്യാസ വകുപ്പിന്റെ പരിഗണനയില്‍. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി.
ഒന്നാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ
ഒന്നാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ അധ്യാപകരാണ് നയത്തിന് കീഴില്‍ ഉള്‍പ്പെടുന്നത്. എല്‍പി, യുപി, ഹൈസ്കൂളുകളിലേക്ക് ജില്ലാതല പിഎസ്സി പട്ടിക വഴിയാണ് നിയമനം നടത്തുക. നിയമനം ലഭിച്ച ജില്ലയില്‍ തന്നെ സ്ഥലംമാറ്റം പരി?ഗണിക്കുന്ന തരത്തിലായിരിക്കും പുതിയ നയവുമെന്നാണ് റിപ്പോര്‍ട്ട്.
അധ്യാപകര്‍ ഒരേ സ്കൂളില്‍ തുടരുന്നത് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം. കൂടാതെ സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാന്‍ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും അനുകൂല നിലപാടാണെന്നുമാണ് വിവരം.
വിഷയം അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യാത്തതിനാല്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമോയെന്നത് വ്യക്തമായിട്ടില്ല. വര്‍ഷങ്ങളായുള്ള രീതിയില്‍ മാറ്റം ഉണ്ടാകണമെങ്കില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണ്.
പൊതു വ്യവസ്ഥ
നിലവില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള അധ്യാപകരുടെ സ്ഥലംമാറ്റം നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ യോഗ്യതാ പട്ടികയനുസരിച്ചാണ് അധ്യപക നിയമനം നടപ്പാക്കുന്നത്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ സ്ഥലം മാറ്റം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പൊതു വ്യവസ്ഥയാണ്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഒരിടത്ത് തുടരാന്‍ പാടുള്ളതല്ലെന്നും മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്ഥലം മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണെന്നുമാണ് സര്‍ക്കാര്‍ നയത്തില്‍ പറയുന്നത്.