മുവാറ്റുപുഴ: ഗവണ്മെന്റ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്കൂള്‍ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്. മൂവാറ്റുപുഴ നഗരസഭയോട് സ്കൂള്‍ കെട്ടിടം പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ. വി. മനോജ്കുമാര്‍ നിര്‍ദേശിച്ചു.
സ്കൂള്‍ കുട്ടികളും അധ്യാപകരുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷനു മുന്നിലെത്തി. ചെറിയ തെറ്റുകള്‍ കാണിക്കുന്ന കുട്ടികളെ ശത്രുക്കളായി കാണാതെ അവരെ നേര്‍വഴിക്ക് നയിക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടതെന്ന് കമ്മീഷന് നിരീക്ഷിച്ചു. കുട്ടികളുടെ മനശാസ്ത്രം മനസിലാക്കിയാകണം അധ്യാപകരുടെ സമീപനം. രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം അധ്യാപകര്‍ക്കും കുട്ടികളുടെ ജീവിതത്തില്‍ വലിയ പങ്കുണ്ട്. ഇക്കാര്യം മനസിലാക്കി കുട്ടികളോട് പെരുമാറണമെന്ന് കമ്മീഷന് അഭിപ്രായപ്പെട്ടു.
കുട്ടികളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ആകെ 31 പരാതികളാണ് പരിഗണിച്ചത്. നാലു കേസുകള്‍ വിധി പറയാതെ മാറ്റി. ബാക്കി കേസുകള്‍ തുടര്‍നടപടികള്‍ക്കായി കമ്മീഷന് മാറ്റിവെച്ചു. ചടങ്ങില്‍ കമ്മീഷന് അംഗങ്ങളായ ഡോ. എഫ്. വില്‍സണ്‍, കെ.കെ. ഷാജു എന്നിവരും പങ്കെടുത്തു.