മൂവാറ്റുപുഴ: പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിച്ച അറിവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുന്ന വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ ഈ വര്‍ഷത്തെ പഠനോത്സവം വിവിധ പരിപാടികളോടെ നടന്നു. വാര്‍ഡ് മെമ്പര്‍ എല്‍ദോസ് പി. കെ. പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി. കെ. ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ക്കൂള് പി. ടി. എ. പ്രസിഡന്റ് മോഹന്‍ദാസ് സൂര്യനാരായണന് മുഖ്യപ്രഭാഷണം നടത്തി.
ലഹരിക്കെതിരെ കുട്ടികള്‍ അവതരിപ്പിച്ച സ്ക്കിറ്റ്, ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയെ അടിസ്ഥാനമാക്കി കുട്ടികള്‍ തന്നെ സംവിധാനം ചെയ്തവതരിപ്പിച്ച സംഘനൃത്തം, ജങ്ക് ഫുഡിനെതിരായുള്ള സന്ദേശവുമായി നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷ്യമേള തുടങ്ങിയവ ഏവരുടെയും ശ്രദ്ധ നേടി. ഗണിത – ശാസ്ത്ര – സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചെറു നിര്‍മ്മിതികളും പോസ്റ്ററുകളും ഗെയിം സോണുകളും എല്ലാം കുരുന്നു പ്രതിഭകളുടെ നേര്‍ക്കാഴ്ചയായിരുന്നു. ഹെഡ്മിസ്ട്രസ് ജീമോള്‍ കെ. ജോര്‍ജ്ജ്, പ്രിന്‍സിപ്പല്‍ ബിജുകുമാര്‍, കണ്‍വീനര്‍ ആനി ജോണ്‍, കോര്‍ഡിനേറ്റര്‍ ലിഞ്ചു ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.