കോതമംഗലം: വിദ്യാഭ്യാസ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം ഇനിയും തുടരണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിലെ മികവ് പുലര്‍ത്തിയ വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച എം.എല്‍. എ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നേട്ടം കൈവരിച്ച വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും അഭിനന്ദിച്ച അദ്ദേഹം പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത് മാതൃകാപരമായ നടപടിയാണെന്ന് പറഞ്ഞു.
എം.എല്‍. എയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന കൈറ്റ് ( കോതമംഗലം ഇന്നവേറ്റീവ് ടെക്നോളജി ഇന്‍ എഡ്യൂക്കേഷന്‍ ) സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു, വിവിധ മത്സര പരീക്ഷകള്‍ എന്നിവയില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും അനുമോദിച്ചത്. പരിപാടിയുടെ ഭാഗമായി നടത്തിയ കരിയര്‍ ഗൈഡന്‍സ് പരിശീലനത്തിന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ പി. വിഷ്ണു രാജ് നേതൃത്വം നല്കി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ ആര്. ജയചന്ദ്രന് ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആന്റണി ജോണ്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എസ്. സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം മജീദ്, കോതമംഗലം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സിജോ വര്‍ഗീസ്, കെ.വി തോമസ്, കെ.എ നൗഷാദ്. കൈറ്റ് കോര്‍ഡിനേറ്റര്‍ എസ്.എം അലിയാര്, ബ്ലോക്ക് പ്രോജക്റ്റ് കോഓഡിനേറ്റര്‍ കെ.ബി സജീവ്, സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ ഹെഡ്മിസ്ട്രെസ് സിസ്റ്റര്‍ റീന മരിയ, മറ്റ് ജനപ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, പി.ടി. എ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.