പാലാ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജെയിംസിനെ മന്ത്രി വി.എന്‍.വാസവന് വീട്ടിലെത്തി അഭിനന്ദിച്ചു. പരിശീലനകേന്ദ്രങ്ങളുടെ സഹായമില്ലാതെ ഗഹന നേടിയ വിജയത്തിന് ഇരട്ടി തിളക്കമാണെന്ന് മന്ത്രി പറഞ്ഞു. ഗഹനയെ മന്ത്രി പൊന്നാട അണിയിച്ച് ഫലകം നല്കി ആദരിച്ചു. ഗഹന നേടിയ വിജയം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് നേരിട്ടറിയിച്ചതില് സന്തോഷമുണ്ടെന്ന് ഗഹന നവ്യ ജെയിംസ് പറഞ്ഞു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ മുത്തോലി ചിറയ്ക്കല്‍ ഗഹന നവ്യാ ജെയിംസിനെ സിനിമാതാരം മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്. ഗഹനയുടെ അമ്മയുടെ സഹോദരനും ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറുമായ സിബി ജോര്‍ജ് മോഹന്‍ലാലിന്റെ സുഹൃത്താണ്. തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതത്തിന് എല്ലാ വിജയാശംസകളും അദ്ദേഹം അറിയിച്ചതായി ഗഹനയുടെ അച്ഛന് പ്രൊഫ. ജെയിംസ് പറഞ്ഞു.
ഗഹനാ നവ്യ ജെയിംസിനെ മുത്തോലിയിലെ വീട്ടിലെത്തി യുവജന കമ്മീഷന് ചെയര്മാന് എം. ഷാജര്‍ അഭിനന്ദിച്ചു. യുവജന കമ്മീഷന് അംഗം കെ. പി. പ്രശാന്ത്, സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.