മൂവാറ്റുപുഴ: സി.ബി.എസ്.ഇ സ്കൂള്‍ സംസ്ഥാന കലോത്സവത്തിന് വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളില്‍ വ്യാഴാഴ്ച തുടക്കമാകും. 21 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 1400 ലേറെ സ്കൂളുകളില്‍ നിന്നുമായി 7000 ത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തിന് എത്തും.
യുവജനോത്സവം ആദ്യ ദിനമായ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. പ്രധാന വേദിയായ കാര്‍മല്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആദ്യ മത്സരമായി പാശ്ചാത്യ സംഗീതം അരങ്ങേറും. ഉദ്ഘാടന സമ്മേളനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കും. സിനിമാതാരം മിയ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. സി.ബി.എസ്.ഇ സ്കൂള്‍സ് മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ടി.പി.എം ഇബ്രാഹിം ഖാന് അധ്യക്ഷത വഹിക്കും. സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ മഹേഷ് ധര്‍മാധികാരി കലോത്സവത്തില്‍ പങ്കെടുക്കും.
കാര്‍മല്‍ പബ്ലിക് സ്കൂള്‍, ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി, ഇന്‍ഫന്റ് ജീസസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് വേദികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ ബാന്‍ഡ് മത്സരം മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്കൂളില്‍ ശനിയാഴ്ച നടക്കും.
ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പാന്‍ സൗകര്യമുള്ള ഭക്ഷണശാലയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. 2019 ല്‍ സംസ്ഥാന കലോത്സവത്തിന് വേദിയായ കാര്‍മല്‍ സ്കൂള്‍ തന്നെയാണ് ഇത്തവണയും കലാമാമാങ്കത്തിന് വേദിയാകുന്നത്. കോവിഡ് മൂലം മുടങ്ങിയ കലോത്സവം 2019നു ശേഷം ഇപ്പോഴാണ് വീണ്ടും സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിന്റെ വിവിധ ജില്ലകളിലെ 26 സഹോദയകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികളാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. സഹോദയ തലത്തില്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തിയവരാണ് സംസ്ഥാന കലോത്സവ വേദിയില്‍ മാറ്റുരയ്ക്കുന്നത്. സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് ആവശ്യമായ ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായി ജനറല്‍ കണ്‍വീനറും കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ റവ.ഡോ. സിജന് പോള്‍ ഊന്നുകല്ലേല്‍ അറിയിച്ചു.