തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനം നിര്‍ദേശിച്ച വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നടപടിയില്‍ എതിര്‍ത്തു അനുകൂലിച്ചും അധ്യാപകസംഘടനകള്‍. ഈവര്‍ഷം 28 ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷ അധ്യാപകസംഘടനകള്‍ രൂക്ഷമായി എതിര്‍ത്തു.
ഇതുവരെ സ്കൂളുകളില്‍ 200 പ്രവൃത്തിദിനങ്ങളായിരുന്നു. അക്കാദമിക് കലണ്ടര്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ 220 പ്രവൃത്തിദിനങ്ങളുടെ ശുപാര്‍ശ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവതരിപ്പിച്ചു. 200 ദിവസം അധ്യയനത്തിനും ബാക്കി പരീക്ഷയ്ക്കും എന്ന മട്ടിലായിരുന്നു അവതരണം.
പിതിയ നിര്‍ദേശം പാലിക്കണമെങ്കില്‍ 28 ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കേണ്ടിവരുമെന്ന് എന്‍.ടി.യു. സംസ്ഥാനപ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥപ്രകാരം വര്‍ഷത്തില്‍ ആയിരം മണിക്കൂര്‍ അധ്യയനം എന്നതാണ് കാഴ്ചപ്പാടെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാനപ്രസിഡന്റ് കെ. അബ്ദുള്‍ മജീദും പറഞ്ഞു.
അതേസമയം, ഗുണമേന്മാവിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പരമാവധി അധികപഠനദിവസങ്ങള്‍ ഉറപ്പാക്കാനുള്ള നിര്‍ദേശം സ്വാഗതം ചെയ്യുന്നതായി കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എന്‍.ടി. ശിവരാജന് പ്രതികരിച്ചു. കുട്ടികളെയും അധ്യാപകരെയും പരിഗണിച്ച് സാധ്യമായ പ്രവൃത്തിദിനങ്ങള്‍ക്കായി ശ്രമിക്കണമെന്ന് എ.കെ.എസ്.ടി.യു. ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന് ആവശ്യപ്പെട്ടു.
വിയോജിപ്പുകള്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാമെന്നും വിഷയം സര്‍ക്കാര്‍ തീരുമാനത്തിനു വിടുകയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.