തിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ആരംഭിക്കും. അവരുടെ വാക്സിനേഷന് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോളേജ് വിദ്യാര്‍ഥികളുടെ വാക്സിനേഷനും പൂര്‍ത്തിയാക്കി കോളേജുകള്‍ തുറക്കാനുള്ള സാഹചര്യം പരിശോധിക്കുകയാണ്. ഇതിനായി 18 മുതല്‍ 21 വരെയുള്ളവര്‍ക്ക് പ്രത്യേക രജിസ്ട്രേഷന് ആരംഭിക്കും. സ്കൂളുകളുടെ കാര്യത്തില്‍ അധ്യാപകരുടെ വാക്സിനേഷന് ആയിരിക്കും മുന്‍ഗണന നൽകുക എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്സിന് വിതരണത്തിന് ആവശ്യമായ നടപടികള്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ വാക്സിന് രജിസ്ട്രേഷന് ചെയ്യാത്തവരെ കണ്ടെത്തി രജിസ്ട്രേഷന് നടത്തി വരികയാണ്. കൊവാക്സിന്റെ പുതിയ സ്റ്റോക്ക് ലഭ്യമായതോടെ രണ്ടാം ഡോസ് വേണ്ടവര്‍ക്ക് അതു നല്‍കാനാവും. കുട്ടികളുടെ വാക്സിനും വരും മാസങ്ങളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.