ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിം കോടതിയില്‍. പരീക്ഷാ ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബര്‍ 15നും മധ്യേ എഴുത്തു പരീക്ഷ നടത്തും. മൂല്യനിര്‍ണയ പദ്ധതിയില്‍ ഭേദഗതി കൊണ്ടു വന്നതും സിബിഎസ്ഇ സുപ്രിംകോടതിയെ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ കേരളം നാളെ തന്നെ നിലപാട് അറിയിക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്കി. കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം നിരസിച്ചുക്കൊണ്ടാണ് നിര്‍ദേശം.
നിലപാട് അറിയിച്ചില്ലെങ്കില്‍ തങ്ങള്‍ തന്നെ ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേരളത്തിന്റെ അഭിഭാഷകന് മുന്നറിയിപ്പ് നല്കി. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സിബിഎസ്ഇ സുപ്രിം കോടതിയില്‍ അറിയിച്ച കാര്യങ്ങള്‍ ഇങ്ങനെ: ‘ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കും. പരീക്ഷാ ഫലത്തില്‍ തൃപ്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മെയിന്‍ സബ്ജക്ടുകളില്‍ മാത്രമായി എഴുത്തു പരീക്ഷ നടത്തും. ഇതിനായി ഓണ്‍ലൈന്‍ റജിസ്ട്രേഷന് ഏര്‍പ്പെടുത്തും’. പരീക്ഷ ഫലം അന്തിമമായിരിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സിബിഎസ്ഇയുടെ സമിതിക്ക് വിടുമെന്നും അറിയിച്ചു.
അതേസമയം, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ നടപടിയെയും, മൂല്യനിര്‍ണയ രീതിയെയും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കാനായി മാറ്റി. പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്ന് സുപ്രീംകോടതി പറഞ്ഞു. അനിശ്ചിതത്വമല്ല, പ്രതീക്ഷയുടെ കിരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ കേരളം നാളെ നിലപാട് അറിയിക്കണം.