കാക്കനാട്: ഭാവിയെക്കുറിച്ച് നല്ല സ്വപ്നങ്ങള്‍ കാണുന്നവരാകണം വിദ്യാര്‍ഥികളെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. എറണാകുളം ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള രോഷ്നി വിദ്യാഭ്യാസ പദ്ധതിയുടെ പഠന സഹായം ലഭിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.
സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി വിദ്യാര്‍ഥികള്‍ കഠിനാധ്വാനം ചെയ്യണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും മികച്ച പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും താനും ഒരു അതിഥി തൊഴിലാളിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തുള്ളയെല്ലാവരെയും തുല്യരായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കാഴ്ച വെച്ച 85 കുട്ടികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ഇതില്‍ 43 കുട്ടികള്‍ക്ക് മലയാളത്തില്‍ എ യും എ പ്ലസും ലഭിച്ചു. ആകെ 2105 കുട്ടികളാണ് പദ്ധതിക്ക് കീഴിലുള്ളത്. 40 സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതി എട്ടാം ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ രോഷ്നി പ്രൊജക്റ്റ് ജനറല്‍ കോ-ഓഡിനേറ്റര്‍ സി.കെ പ്രകാശ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ രതീഷ് കാളിയാടന്‍, പബ്ലിക് റിലേഷന്‍സ് & സി.എസ്.ആര്, ബി.പി.സി.എല്‍, കൊച്ചിന് റിഫൈനറി വിനീത് എം തോമസ്, പ്രിന്‍സിപ്പല്‍.ഡയറ്റ്.എറണാകുളംദീപ ജി.എസ്, ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോസ്മെന്റ് പി.ജി വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.