കടമക്കുടി ഗ്രാമപഞ്ചായത്തിലെ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ്. ബസിന്റെ സര്‍വ്വീസ് ഫ്ളാഗ് ഓഫ് കെ എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 21 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്.
പൊതുയാത്രാ സൗകര്യങ്ങള്‍ പരിമിതമായ കടമക്കുടിയില്‍ സ്കൂള്‍ ബസ് എത്തിയതോടെ വിദ്യാര്‍ത്ഥികളെ കാലങ്ങളായി വലച്ച യാത്രാക്ലേശത്തിനു പരിഹാരമാകുകയാണെന്ന് കെ എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എ പറഞ്ഞു. അഞ്ചു കിലോമീറ്റര്‍ വരെ നടന്നു യാത്ര ചെയ്യേണ്ടിവരുന്ന കുട്ടികള്‍ക്കു സ്കൂള്‍ ബസ് ഗുണകരമാകും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രമായി 250 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. സ്കൂള്‍ കെട്ടിടത്തിനായി ഒരു കോടി രൂപയുടെ കിഫ്ബി ഫണ്ടുപയോഗിക്കുന്നതു സംബന്ധിച്ച് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സ്കൂള്‍ ലൈബ്രറിക്ക് മുപ്പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ ലഭ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ പി വിപിന്‍രാജ്, സ്ഥിരംസമിതി അധ്യക്ഷരായ വി എ ബെഞ്ചമിന്‍, ജെയ്നി സെബാസ്റ്റ്യന്‍, സജിനി ജ്യോതിഷ്, ബ്ലോക്ക് അംഗം മനു ശങ്കര്‍, വാര്‍ഡ് അംഗങ്ങളായ പ്രബിന് കോമളന്, ലിസമ്മ, ഹെഡ്മിസ്ട്രസ് ഷര്‍മിള ടോമി, വി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ എസ് സിന്ധു, എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ കെ ആര് സുരേഷ്, പി ടി എ പ്രസിഡന്റ് എം എ മുരളി, പൊതുപ്രവര്‍ത്തകരായ ടി കെ വിജയന്, അലക്സ് ആട്ടുള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.