കായംകുളം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിനെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തേകുറിച്ച് ആറംഗ സമിതി അന്വേഷിക്കും. നിഖില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കോളേജില്‍ നടന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.
കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അധ്യാപകര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തില്‍ അധ്യാപകര്‍ക്കെതിരായ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഉടന്‍ തന്നെ പോലീസില്‍ പരാതിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിന് വിധേയമായി മാത്രമെ അഡ്മിഷന് നല്‍കിയിട്ടുള്ളൂ. എല്ലാ കാര്യങ്ങള്‍ക്കും തനിക്ക് ഉത്തരവാദിത്വമില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഈ കാലയളവില്‍ നിഖില്‍ തോമസ് എന്ന വിദ്യാര്‍ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും കലിംഗ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. സന്ദീപ് ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. നിഖിലിനെ തള്ളിക്കൊണ്ട് കേരള സര്‍വകലാശാല വി.സി. മോഹനന് കുന്നുമ്മലും രംഗത്തെത്തിയിരുന്നു. 75 ശതമാനം ഹാജരുള്ള നിഖില്‍ എങ്ങനെയാണ് അതാ കാലയളവില്‍ കലിംഗ യൂണിവേഴ്സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതെന്നും ഇത് പ്രഥമദൃഷ്ട്യാ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.