സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തില്‍ ചരിത്രനേട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 2022-23 അധ്യായന വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് അടുത്ത വര്‍ഷത്തേക്കുള്ള യൂണിഫോമുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ മാസം 25ന്(മാര്‍ച്ച് 25 ശനി) നടക്കുന്ന യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ വ്യവസായവകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.
മാര്‍ച്ച് 25ന് രാവിലെ 11ന് ഏലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂണിഫോം നല്‍കിയാണ് ഉദ്ഘാടനം. സ്കൂളിന് സമീപത്തുള്ള ഏലൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും.
സമീപത്തെ മുഴുവന്‍ സ്കൂളുകളിലെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി പരിപാടിയെ ജനകീയ ഉത്സവമാക്കി മാറ്റുമെന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു.