ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2014-2016 ബാച്ചിൽ വി.എച്ച്.എസ്.ഇ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്, അഗ്രികൾച്ചർ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗമം നടന്നു. അകാലത്തിൽ ജീവൻപൊലിഞ്ഞുപോയ സഹപാഠിയായിരുന്ന ബിൻസിമോളുടെ ഓർമ്മയ്ക്കായി ഒരു നിമിഷത്തെ മൗന പ്രാർത്ഥനയോട് കൂടി യോഗം ആരംഭിച്ചു. പ്രളയകാലത്തിൽ ഉൾപ്പെടെ എന്നും ഈസ്റ്റ് മാറാടി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിനോടൊപ്പം നിന്ന് ജീവകാരുണ്യ പ്രവർത്തനത്തിലും, രക്ത ദാനത്തിലും മാതൃകയായ ബാച്ചാണെന്ന് മുൻ പ്രിൻസിപ്പാൾ ഫാത്തിമ റഹീം പറഞ്ഞു.
നിതിൻ വൽസൻ അധ്യക്ഷത വഹിച്ച യോഗം പ്രിൻസിപ്പാൾ ഫാത്തിമ റഹീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നേടിയ സുജ ടി.എ യ്ക്കും, മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള അവാർഡ് നേടിയ ഐഷാ ഇസ്മായിലിനും, മികച്ച പ്രിൻസിപ്പാളിനുള്ള റെയിൻബോ അവാർഡ് നേടിയ ഫാത്തിമ റഹീമിനും സീനിയർ അസിസ്റ്റൻന്റ് ശോഭന എം.എം. ഉപഹാരങ്ങൾ നൽകി. സമീർ സിദ്ദീഖി.പി, ഗ്രേസി ടീച്ചർ, രതീഷ് വിജയൻ, അൽത്താഫ് എം.എ, മുഹമ്മദ് ഹിലാൽ, റിയാമോൾ ദേവസ്യ, പ്രവീണ, പ്രവാസി കാറ്ററിംഗ് സലാഹുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.