മൂവാറ്റുപുഴ: മുളവൂര്‍ എം.എസ്.എം സ്കൂളില്‍ നടന്ന മികവുത്സവത്തില്‍ തിളങ്ങും താരമായി ബംഗാള്‍ സ്വദേശിനി റോഷ്നി കാത്തൂന് മാറി. മലയാളം അനായായം കൈകാര്യം ചെയ്യുന്ന റോഷ്നി സ്കൂളില്‍ നടന്ന മികവുത്സവത്തില്‍ പ്രസംഗവും, പാട്ടുകളും അവതരിപ്പിച്ച് ജനപ്രതിനിധികളെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി.
അഞ്ചാം വയസില്‍ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കാന്‍ വരുമ്പോള്‍ റോഷ്നിയ്ക്ക് ബംഗാളി ഭാക്ഷയല്ലാതെ മറ്റൊരു ഭാക്ഷയും അറിയില്ലായിരുന്നു. അധ്യാപകരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി റോഷ്നി മലയാളവും, ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി നേടുകയായിരുന്നു. പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ ജില്ലയിലെ ചന്ദ്രകോട്ട് നിന്നും കേരളത്തില്‍ നിര്‍മാണ ജോലിക്കായി എത്തിയ ജയ്ബുല് മണ്ഡലിന്റെയും അസ്മിറ ബീവിയുടെയും മകളാണ് റോഷ്നി. മുളവൂര്‍ എം.എസ്.എം സ്കൂള്‍ നാലാം ക്ലാസ് വ്യദ്യാര്‍ത്ഥിയായ റോഷ്നി കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന മികവുത്സവത്തിലാണ് മിന്നും താരമായി എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത്.
മികവുല്സവത്തില് മലയാള ഭാഷ വിഭാഗത്തിലാണ് കൊച്ചു മിടുക്കി തന്റെ കഴിവ് തെളിയിച്ചത്. വേദിയില്‍ നടന്ന മലയാള പ്രസംഗംത്തിലും, പ്രശസ്ത സാഹ്യത്യകാരന്മാരുടെ സാഹ്യത്യ സൃഷ്ടികള്‍ വായിച്ചും റോഷ്നി എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയായിരുന്നു. ചെറുവട്ടൂര്‍ പള്ളിപ്പടിയില്‍ വാടകയ്ക്കാണ് ജയ്ബുല് മണ്ഡലും കുടുംബവും താമസിക്കുന്നത്. സഹോദരി റോഷ്മി കാത്തൂണ്‍ എം.എസ്.എം.സ്കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. സ്കൂളില്‍ നടന്ന മികവുത്സവം വാര്‍ഡ് മെമ്പര്‍ സീനത്ത് അസീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഷംസുദ്ദീന് മൗലവി അധ്യക്ഷത വഹിച്ചു. മികവുത്സവത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും, കലാപരിപാടികളും നടന്നു.