കൊച്ചി: സ്ത്രീധനം പൂര്‍ണമായും ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്കരണം ആവശ്യമാണെന്നും സര്‍വകലാശാലകളില്‍ പ്രവേശനം നേടുമ്പോൾ തന്നെ അതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് എടുക്കുന്ന സമയത്തുതന്നെ സ്ത്രീധനം വാങ്ങില്ലെന്ന് സത്യപ്രസ്താവനയില്‍ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണം. മാദ്ധ്യമങ്ങള്‍ അടക്കമുള്ളവരുടെ സഹകരണം ഉണ്ടെങ്കില്‍ ഇത് വിജയിക്കുമെന്നും സ്ത്രീധനത്തിനെതിരെ പോരാടണമെന്ന് എല്ലാവരോടും കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ സാമൂഹ്യ, സാമ്പത്തിക, സംസ്കാരിക മണ്ഡലത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. സമൂഹത്തിനായി നമ്മള് ചെയ്യേണ്ട കര്‍ത്തവ്യമാണ്. വിവാഹ സമയത്ത് നിര്‍ബന്ധിച്ചുള്ള സ്ത്രീധനം പാടില്ല. എന്ത് നല്കിയാലും അത് വധുവും പിതാവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലായിരിക്കണം. അതില്‍ വരനോ അയാളുടെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.