വ്യാജരേഖ കേസില്‍ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യ കടന്നു. രക്ഷപെടാന്‍ ആവശ്യത്തിന് സമയം ലഭിച്ചതോടെ വിദഗ്ദമായി കൊച്ചിയില്‍ നിന്നും മുങ്ങാന്‍ വിദ്യക്ക് കഴിഞ്ഞു. ഒരിക്കല്‍പോലും വിദ്യക്കോ കുടുംബത്തിനോ ബുദ്ധിമുട്ടുണ്ടാക്കാതെ ആയിരുന്നു പൊലിസ് അന്വേഷണം. സ്ഥിരം കുറ്റവാളികളോട് കാണിക്കുന്ന കര്‍ക്കശമായ നിലപാട് ഈ കേസില്‍ പൊലിസ് എടുത്തില്ല.
വിദ്യ എറണാകുളം ജില്ലയില്‍ നിന്നും കോഴിക്കോടേക്ക് കടന്നതായാണ് പോലീസ് പറയുന്നത്. അതിനാല്‍ കോഴിക്കോട് കേന്ദ്രമാക്കി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം കാലടി സംസ്കൃത സര്‍വകലാശാലയില്‍ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. കാലടി സര്‍വകലാശാലയിലെ പുരുഷ ഹോസ്റ്റലിലെ വിവരങ്ങളും പോലീസ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യ എറണാകുളത്ത് നിന്നും കോഴിക്കോട് ജില്ലയിലേക്ക് കടന്നതായി പോലീസ് പറയുന്നത്.
വിദ്യ ഗെസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല ഗവ.കോളജിലെ ഇന്റര്‍വ്യൂ പാനല്‍ അംഗങ്ങളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. തൃശൂര്‍ കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇന്ന് അട്ടപ്പാടി ഗവ.കോളജ് പ്രിന്‍സിപ്പല്‍, ഇന്‍ര്‍വ്യു ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. എന്നാല്‍ പോലീസ് അന്വേഷണം പ്രഹസനമാണെന്നും വിദ്യയ്ക്കുവേണ്ടി പോലീസ് ഒത്തുകളിക്കുകയാണെന്നുമാണ് ഉയരുന്ന ആരോപണം.
വിദ്യ അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിനായി എത്തിയത് പ്രമുഖ എസ്എഫ്ഐ നേതാവിനൊപ്പമാണെന്നുള്ള വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് ലഭിക്കുന്ന വിവരം.