മൂവാറ്റുപുഴ: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരമായി മൂവാറ്റുപുഴ നഗരസഭ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ മൂവാറ്റുപുഴ നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍ നിര്‍വഹിച്ചു. വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് ദൈനംദിന സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയാണ് നഗരസഭ വിജയകരമായി നടപ്പാക്കിയതെന്ന് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു. മറ്റ് നഗരസഭകളില്‍ എല്ലാം ഇതിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നതിന് ഇടെയാണ് മൂവാറ്റുപുഴയില്‍ പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത് നേട്ടമാണന്നും ചെയര്മാന് കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ജൂണ്‍ 25 നാണ് മൂവാറ്റുപുഴ നഗരസഭയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. അമ്പത് ദിവസം കൊണ്ട് ലക്ഷ്യം കൈവരിക്കാനായി. ഡി.ജി. കേരള കോഓര്‍ഡിനേറ്ററും മാസ്റ്റര്‍ ട്രയിനറുമായ രജിത പി. യുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. ആദ്യം നഗരസഭ പരിധിയിലെ മുഴുവന്‍ ജനങ്ങളെയും സംബസിച്ച വിവര ശേഖരണം നടത്തി. നഗരസഭ പരിധിയിലുളള 8328 വീടുകളില്‍ ആള് താമസം ഉളള 7854 വീടുകളില്‍ നടത്തിയ സര്‍വെയില്‍ 14 നും 64 നും ഇടയിലുളള 1806 പേര് ഡിജിറ്റല്‍ സാക്ഷരരല്ലന്ന് കണ്ടെത്തി. തുടര്‍ന്ന് 28 വാര്‍ഡുകളിലും വാര്ഡ്തതല ക്ലാസ് സംഘടിപ്പിച്ചു. കിടപ്പ് രോഗികള്‍, വയോധികര്‍ തുടങ്ങിയവര്‍ക്കായി വീടുകള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്കി. മൂന്ന് മൊഡ്യൂളുകളിലായി 15 കാര്യങ്ങളിലാണ് പരിശീലനം നല്‍കിയത്.
മൊബൈല്‍ ഫോണ്‍ ഓണ്‍, ഓഫ് ആക്കുന്നതില്‍ തുടങ്ങി ഓണ്‍ലൈനായി വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സാമ്പത്തീക ഇടപാടുകള്‍ നടത്തുന്നതിനും സര്‍ക്കാര്‍ സേവനങ്ങളെ കുറിച്ച് അറിയുന്നതിനും സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ കൈകാര്യം ചെയ്യുന്നതിനും അടക്കമുളള പരിശീലനമാണ് നല്‍കിയത്. മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍, പുതുപ്പാടി മരിയന്‍ അക്കാദമി, എല്‍ദോ മാര്‍ ബസേലിയോസ് കോളജ് എന്നിവിടങ്ങളിലെ എം.എസ്.ഡബ്ളിയു. വിദ്യാര്‍ഥികള്‍, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി അധ്യാപകര്‍, എന്‍.എസ്.എസ്., എന്‍.സി.സി., നെഹൃു യുവകേന്ദ്ര, എസ്.പി.സി., കുടുംബശ്രീ, സാക്ഷരത മിഷന്, എസ്.സി., എസ്.ടി. പ്രമോര്‍ട്ടര്‍മാര്‍, സന്നദ്ധ സേന, ലൈബ്രറി കൗണ്‍സില്‍, യുവജന ക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍, സന്നദ്ധരായ യുവതി, യുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സേവനം നഗരസഭ ഇതിനായി പ്രയോജനപെടുത്തി. തുടക്കത്തില്‍ ഇവര്‍ക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. 350 വളന്റിയര്‍മാരാണ് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതക്കായി പ്രവര്‍ത്തിച്ചത്.
പഖ്യാപന ചടങ്ങില്‍ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുള്‍ സലാം, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, മീര കൃഷ്ണന്, പ്രതിപക്ഷ നേതാവ് ആര്. രാകേഷ്, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്, കൗണ്‍സിലര്‍മാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.