തിരുവനന്തപുരം: മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് ഉള്‍പ്പെട്ട വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് വിവാദത്തില്‍ കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ മുഹമ്മദ് താഹ , കൊമേഴ്സ് വിഭാഗം എച്ച്ഒഡി സോണി പി ജോണ്‍ എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കും. കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
വിവരാവകാശത്തിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന അധ്യാപകനെതിരെയും നടപടിയെടുക്കും. പരാതിയില്‍ മറുപടി നല്‍കാതെ നിന്നതിനാണ് ഇയാള്‍ക്കെതിരായ നടപടി. മൂന്ന് പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. കേരള സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതി ഈ അധ്യാപകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
എസ് എഫ് ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി ഹാജരാക്കി കഴിഞ്ഞ വര്‍ഷമാണ് കായംകുളം എംഎസ്എം കോളേജില്‍ എം കോം പ്രവേശനം നേടിയത്. തട്ടിപ്പ് പിടിക്കപ്പെടുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാദമായ ഈ സംഭവത്തിലാണ് നിഖിലിന് പ്രവേശനം നല്കിയ എംഎസ്എം കോളേജിനെതിരെയും കേരളാ സര്‍വകലാശാല നടപടിയിലേക്ക് നീങ്ങുന്നത്.