ന്യൂഡല്‍ഹി: ഒരേ സമയം രണ്ട് ബിരുദത്തിന് അനുമതി നല്കി യുജിസി. 2022-23 അക്കാദമി വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കും. ഡിഗ്രി, പിജി കോഴ്സുകള്‍ക്ക് പുതിയ പരിഷ്ക്കാരം ബാധകമാണ്. മാര്‍ഗ നിര്‍ദേശം ഏപ്രില്‍ 13ന് പുറത്തിറക്കും.
പുതുതായി ബിരുദത്തിന് ചേരുന്നവര്‍ക്കും നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും രണ്ട് ബിരുദ കോഴ്സ് ചെയ്യാം. രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും ബിരുദം പഠിക്കുന്നവര്‍ക്ക് ഒന്നാം വര്‍ഷ കോഴ്സിന് ചേരാം. ഓരോ കോളേജിന്റെ സമയക്രമം അനുസരിച്ച് കോഴ്സിന് ചേരാം.
രണ്ട് ബിരുദവും ഓഫ് ലൈനായോ, ഓണ്‍ലൈനായോ, ഒരു ബിരുദം ഓണ്‍ലൈനായോ മറ്റൊന്ന് ഓഫ് ലൈനായോ പഠിക്കാമെന്ന് യുജിസി ചെയര്മാന് എം ജഗദേഷ് കുമാര്‍ പറഞ്ഞു. വര്‍ഷങ്ങളായി യുജിസി ഇക്കാര്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും 2020ലാണ് സര്‍ക്കാര്‍ തലത്തില്‍ നിന്ന് മുന്നോട്ട് പോവാനുള്ള നിര്‍ദേശം ലഭിച്ചത്.
രണ്ട് ബിരുദത്തിന് ഓരോ വിദ്യാര്‍ത്ഥിയും പഠിച്ചിരിക്കണം എന്ന നിര്‍ബന്ധം യുജിസി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മേല്‍ ചുമത്തില്ല. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ നിര്‍ദേശം നടപ്പിലാക്കുമെന്നാണ് യുജിസി പ്രതീക്ഷിക്കുന്നത്.