കോഴിക്കോട്: പത്താം ക്ലാസ് പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ-തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസ് തുടങ്ങും. സര്‍ക്കാര്‍ സ്കൂളിനൊപ്പം എയ്ഡഡ് മേഖലയിലും അധിക ബാച്ചിന് അനുമതി നല്‍കും. താല്‍ക്കാലിക ബാച്ചുകളാണ് അധികം അനുവദിക്കുക. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്നത് അനാവശ്യ വിവാദമാണെന്നും മറ്റ് ജില്ലകളില്‍ ഒഴിഞ്ഞ് കിടക്കുന്ന 14 ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. പ്ലസ് വണ്‍ സീറ്റ് പ്രവേശനത്തില്‍ അടുത്ത വര്‍ഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാവുമെന്നും ഇതിനായി സാധ്യമായത് എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ആകെ 4,59,330 അപേക്ഷകരാണ് ഉള്ളത്. ഗവണ്മെന്റ്, എയ്ഡഡ് സീറ്റുകളുടെ എണ്ണം 3,70,590. വി.എച്ച്.എസ്.ഇ.- 33,030. അണ് എയ്ഡഡ് 54,585. ആകെ സീറ്റുകള്‍ 4,58,205. മലപ്പുറത്ത് ആകെ അപേക്ഷകര്‍ 80,922. ഗവണ്മെന്റ്, എയ്ഡഡ് സീറ്റുകള്‍ 55,590. അണ് എയ്ഡഡ് സീറ്റുകള്‍ 11,286. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി 2,820. അണ് എയ്ഡഡില്‍ ഒരാള്‍ പോലും ചേരുന്നില്ലായെങ്കില്‍ ഇനി വേണ്ട സീറ്റുകള്‍ 22,512. അണ് എയ്ഡഡ് കൂടി പരിഗണിക്കുകയാണെങ്കില്‍ 11,226. ഈ വര്‍ഷം എസ്.എസ്.എല്‍.സി. പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകള്‍ അനുവദിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളില്‍ ഉച്ച ഭക്ഷണത്തിനുള്ള ഫണ്ട് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കണ്ണൂരിലെ നിഹാലിന്റെ മരണം ഏറെ ഖേദകരമാണെന്നും കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.