ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ 2020ലെ മാറ്റിവച്ച സിവില്‍ സര്‍വീസ് പരീക്ഷയുടെ അഭിമുഖം ആഗസ്ത് രണ്ടു മുതല്‍ പുനഃരാരംഭിക്കാന്‍ യുപിഎസ്സി തീരുമാനിച്ചു. 2021 ഏപ്രില്‍ മാസം ആരംഭിച്ച അഭിമുഖ നടപടികള്‍ രാജ്യത്തെ കൊവിഡ് വർദ്ധനവ് കാരണം നിര്ത്തു കയായിരുന്നു.
എന്നാൽ ഇപ്പോൾ 2020ലെ സിവില്‍ സര്‍വീസസ് പേഴ്സണല്‍ ടെസ്റ്റ് ആഗസ്ത് രണ്ടു മുതല്‍ പുനരാരംഭിക്കാനാണ് തീരുമാനിച്ചത്. യുപിഎസ്സിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ കൂടിയാണ് ഇത് അറിയിച്ചത്.
സെപ്റ്റംബര്‍ 22 വരെ നീളുന്ന അഭിമുഖത്തില്‍ 2046 ഉദ്യോഗാര്‍ഥികളും പങ്കെടുക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികൾക്ക് കോള്‍ ലെറ്റര്‍ യുപിഎസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. ജൂണ്‍ 27ന് നടത്താനിരുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി (2021), മെയ് ഒന്‍പതിന് നടത്താനിരുന്ന ഇപിഎഫ്ഒ തുടങ്ങി നിരവധി പരീക്ഷകളാണ് കോവിഡിൻ്റെ പശ്ചാത്തലത്തില്‍ യുപിഎസ്സി മാറ്റിവെച്ചിരിക്കുന്നത്.