മൂവാറ്റുപുഴ: ഇശലുകളുടെ അകമ്പടിയില്‍ മൊഞ്ചത്തിമാര് താളം പിടിച്ചു പതിഞ്ഞ താളത്തില്‍ ചായല്‍ ഇശല്‍. ഇശല്‍ മുറുകിയപ്പോള്‍ താളവും ദ്രുതഗതിയിലായി സദസിനെ ആവേശം ജ്വലിപ്പിച്ച് അരങ്ങില്‍ തോഴിമാര് തിമിര്‍ത്താടി. ഏഴഴകിന്റെ മൊഞ്ചില് മണവാട്ടി കൂടുതല്‍ നാണം കുണുങ്ങി. അവതരണ മികവ് കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു സി.ബി.എസ്.ഇ. കലോത്സവത്തിലെ ഒപ്പന മത്സരം. ചാഞ്ഞും ചെരിഞ്ഞും മൈലാഞ്ചി കൈവീശിയും എത്തിയ മൊഞ്ചത്തിമാരെ കാണാന്‍ സദസ് നിറഞ്ഞ് കവിഞ്ഞിരുന്നു. പ്രവാചക പത്നി ഖദീജ ബീവിയുടെ മംഗലത്തെ വര്‍ണിക്കുന്ന മോയിന്‍കുട്ടി വൈദ്യരുടെ ഇശല്‍ പാടി സദസിനെ കയ്യിലെടുത്ത മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനക്കാരായി.
സല്‍ഫ ഷാജഹാന്, അമാല്‍ ഫാത്തിമ, ഹാനിയ ഹയാം, ആഫിയ സിയാദ് അലി, ഫായീസ് മുഫീദ, ഹിന ഷക്കീര്‍ എന്നിവര്‍ ചുവട് വച്ചപ്പോള്‍ സുഹാന സുഫിയാന് മണവാട്ടിയായി. ഫര്‍സാന സുജീര്‍, സന സുബൈര്‍, ഷഹന ഷീഫര്‍ എന്നിവരായിരുന്നു പിന്നണിയില്‍. മത്സരത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു. പ്രവാചക പത്നിമാരുടെ കല്യാണ ചരിതം നിറയാറുള്ള വേദിയില്‍ ഇത്തവണ അസ്മാബീവിയുടെ മംഗലം വര്‍ണിച്ചത് വ്യത്യസ്തമായെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.