മംഗളൂരുവിലെ ശക്തിനഗറില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 130 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച നഴ്സിംഗ്, പാരാമെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാര്‍ത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുമായി കോളേജ് അധികൃതര്‍ ഒരു വിവരവും പങ്കുവെക്കാത്തത് രക്ഷിതാക്കളില്‍ പരിഭ്രാന്തി പരത്തി.
52 വിദ്യാര്‍ത്ഥികളെ എജെ ആശുപത്രിയിലും 18 പേരെ കെഎംസി ജ്യോതിയിലും 14 പേരെ യൂണിറ്റി ആശുപത്രിയിലും 8 പേരെ സിറ്റി ഹോസ്പിറ്റലിലും 3 പേരെ മംഗള ഹോസ്പിറ്റലിലും 2 പേരെ എഫ്ആര്‍ മുള്ളേഴ്സ് ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.