തിരുവനന്തപുരം : നിലവിലെ പരീക്ഷാരീതിയെ പൊളിച്ചടുക്കാന്‍ പുതിയ രീതികള്‍ ആസൂത്രണം ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. പഠനം വിലയിരുത്തല്‍ എന്ന് പേരിട്ടിരിക്കുന്ന രേഖ നിരന്തര മൂല്യനിര്‍ണയമാണ് വേണ്ടെതെന്നും പരീക്ഷ പരിമിതവും കുട്ടികളില്‍ ഉത്കണ്ഠയും ഭയവും സൃഷ്ടിക്കുന്നതാണെന്നും രേഖ പറയുന്നു. പരീക്ഷകളിലെ വാരിക്കോരി മാര്‍ക്കിടലിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിമര്‍ശിച്ചതിന് പിറകെയാണ് കരിക്കുലം കമ്മറ്റി പരിഗണിക്കുന്ന രേഖ പുറം ലോകം കാണുന്നത്.
പരീക്ഷയില്ലാകാലം എന്ന പ്രതീക്ഷ നല്‍കുന്നതാണ് വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചക്കായി തയാറാക്കിയിരിക്കുന്ന സമീപന രേഖ. വിവരശേഖരണത്തിനും ഓര്‍ത്തെടുക്കലിനും അമിതപ്രാധാന്യം നല്കുന്ന പരീക്ഷാരീതി എന്തിനാണെന്നാണ് രേഖ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. നിരന്തരവും സമഗ്രവുമായ വിലയിരുത്തലാണ് ഏറ്റവും മെച്ചമായ രീതി. ക്ളാസുമുറിക്കും എഴുത്തു പരീക്ഷക്കും അപ്പുറത്തേക്ക് വിലയിരുത്തല്പ്രക്രിയ വളരണം. സ്കൂളുകളില്‍ പരീക്ഷകളുടെ എണ്ണം കുറക്കുക, പരീക്ഷാ രീതിതന്നെ പൊളിച്ചെഴുതുക എന്നാണ് സമീപന രേഖ ആവശ്യപ്പെടുന്നത്. ചെറിയക്ളാസുകളില്‍ പാഠപുസ്തകം തുറന്നുവെച്ച് എഴുതാവുന്ന പരീക്ഷാ രീതി പോലും ആലോചിക്കാം. പ്രോജക്ട്, സെമിനാര്‍, ചര്‍ച്ചകള്‍ എന്നിവയെ പരീക്ഷയെക്കാള്‍ പ്രധാന്യത്തോടെ കാണണം. ചെക്ക്്്ലിസ്റ്റ്, റേറ്റിങ് സ്കേല്‍, പോര്‍ട്ട്ഫോളിയോ എന്നിവ ഉപയോഗിച്ച് കുട്ടികള്‍ക്ക് അഭിരുചിയുള്ള പാഠഭാഗങ്ങളെ കുറിച്ച് വിലയിരുത്തലാവാം.
ഒരുപരീക്ഷക്ക് പകരം ഒന്നിലധികം പരീക്ഷകളെഴുതാനും, ധരാളം ചോദ്യങ്ങളില്‍നിന്ന് ഏതാനും തിരഞ്ഞെടുത്ത് ഉത്തരംനല്കാനും അവസരം നല്‍കണം. പൊതുപരീക്ഷകളില്‍ സെമസ്റ്റര്‍ രീതികൊണ്ടുവരാവുന്നതാണെന്നും രേഖപറയുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ 10, 12 ക്ളാസുകളിലെ പൊതു പരീക്ഷകള്‍ എങ്ങനെ സമഗ്രമായി പരിഷ്ക്കരിക്കാം എന്ന്ചര്ച്ചചെയ്യണമെന്നാണ് രേഖ ആവശ്യപ്പെടുന്നത്. അറിവിന്റെ പ്രയോഗത്തെയാണ് പരീക്ഷകള്‍ അളക്കേണ്ടത് എന്നു പറഞ്ഞാണ് സമീപന രേഖ അവസാനിക്കുന്നത്. വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിനെ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍തന്നെ വിമര്‍ശിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ രീതിതന്നെ പൊളിച്ചെഴുതണമെന്ന ചര്‍ച്ചക്ക് പ്രാധാന്യം കൈവരുന്നത്.