മൂവാറ്റുപുഴ: സംസ്ഥാനത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ വികസനം യാഥാര്‍ത്ഥ്യമാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പൊകുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വാളകം പഞ്ചായത്തിലെ കടാതി സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ നിര്‍മിച്ച വര്‍ണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 ലാണ് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ വിദ്യാഭ്യാസ പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയത്. ആധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് കുട്ടികള്‍ക്ക് കണ്ടും കേട്ടും പഠിക്കാന്‍ കഴിയുന്ന രീതിയില്‍ എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് മുറികളായി മാറി. സംസ്ഥാനത്ത് 54000 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാന്‍ കഴിഞ്ഞു. അതുപോലെ എല്ലാ നിയോജക മണ്ഡലത്തിലും അന്താരാഷ്ട്ര നിലവാരമുള്ള ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് കിഫ്ബിയില്‍ നിന്നും 5 കോടി രൂപ അനുവദിച്ച് നിര്‍മിക്കാന്‍ കഴിഞ്ഞു.
ഇതോടൊപ്പം എല്‍പി ,യുപി, ഹൈസ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കാന്‍ ഒരുകോടി രൂപ അനുവദിച്ചു. ഓരോ കാലം വരുമ്പോഴും പുതിയ കാലത്തിനും സാഹചര്യത്തിനനും അനുസരിച്ച് വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കി കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും (എസ്.എസ്.കെ) ബി.ആര് സിയുടെയും നേതൃത്വത്തില്‍ പ്രൈമറി സ്കൂളുകളില്‍ വര്‍ണ്ണക്കൂടാരം പദ്ധതി നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കളിയിലൂടെയും ചിരിയിലൂടെയും കുട്ടികളുടെ ബുദ്ധിയെ വികസിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് വര്‍ണ്ണക്കൂടാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഓരോക്ലാസിലേയും കുട്ടികള്‍ക്ക് കണ്ടും കേട്ടും പഠിക്കാന്‍ കഴിയുo. അതോടൊപ്പം കളിസ്ഥലം ചിത്രംവരയ്ക്കാനുള്ള ഇടം ഗണിത ഇടം അതുപോലെ തന്നെ അവരുടെ മനസീകമായ ബുദ്ധി വികസിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഓരോ ഇടങ്ങളും ഒരുക്കികൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രീപ്രൈമറി സ്കൂളിലെ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള വര്‍ണ്ണക്കൂടാരങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ഓരോ സംസ്ഥാനങ്ങള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. ചടങ്ങില്‍ മാത്യു കുഴലനാടന്‍ എം.എല്‍.എ അധ്യക്ഷനായി, പഞ്ചായത്ത് പ്രസിഡന്റ് ബിനോ.കെ.ചെറിയാന് സ്വാഗതം പറഞ്ഞു. മൂവാറ്റുപുഴ ബി.ആര്.സി ബിപിസി ആനി ജോര്‍ജ് പദ്ധതി വശദീകരണം നടത്തി.
വര്‍ണ്ണക്കൂടാരം നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ ചിത്രകല ഒരുക്കിയ കെ.എം.ഹസ്സന്, ശില്പകല ഒരുക്കിയ കെ.കെ.റെജി, ജൈവവൈവിദ്യ ഉധ്യാനം ഒരുക്കിയ ജോണ്സണ് എന്നിവര്‍ക്ക് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉപഹാരം നല്കി.
എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ മെര്ലിന് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സാറാമ്മ ജോണ്‍,രമ രാമകൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സുധാകരന്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ലിസി എല്‍ദോസ്, പി.കെ.റെജി, ദിഷ ബേസില്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.പി.അബ്രഹാം, പി.എന്‍.മനോജ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജീജ വിജയന്, പ്രധാന അധ്യാപികമാരായ എ.ബി.ദീപ, കെ.എസ്.അനിമോള്‍, എം.പി.ടി.എ ചെയര്‍പേഴ്സണ്‍ സുമ ബിബിന്‍ എന്നിവര്‍ സംസാരിച്ചു.