കൊച്ചി: രാജ്യത്ത് സാമൂഹിക ജീര്‍ണ്ണതകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം അധ്യാപകര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഇല്ലാതായതാണെന്നും മറ്റു മേഖലകളെ പോലെ അധ്യാപകരെ കാണാതെ സാമൂഹ്യ നന്മ വിലയിരുത്തി സാഹചര്യങ്ങളെ നേരിടാന്‍ അധ്യാപകരെ പ്രാപ്തരാക്കണമെന്നും ഉമ തോമസ് എം എല്‍ എ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് വിഭ്യാഭ്യാസജില്ലാ തലത്തില്‍ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികളില്‍ ജീര്‍ണ്ണതകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം പെണ്‍കുട്ടികളില്‍ വര്‍ധിക്കുന്നു എന്നത് ഭീതിപ്പെടുത്തുന്നതാണ്. മാനുഷിക മൂല്യങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നു. സാംസ്കാരിക പൈതൃകങ്ങളുടെ അജ്ഞത മനുഷ്യരുടെ സര്വ്വതോന്മുഖ പുരോഗതിയെ പിന്നോട്ടടിക്കുന്നു. ഇതിന് പരിഹാരം ഗുരു ശിഷ്യ ബന്ധത്തിന്റെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തുകയും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കലുമാണെന്ന് സമൂഹം തിരിച്ചറിയണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.
കൊച്ചി കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് വി എ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പത്മജ എസ്. മേനോന്,എഇഒ മാരായ രശ്മി കെ.ജെ, സുധാ എന്‍,ഷൈനാമോള്‍ എസ്.എ, അധ്യാപക സംഘടനാ നേതാക്കളായ ടി.യു സാദത്ത്, അജിമോന് പൗലോസ്, നിഷാദ് ബാബു, കെ.വി ബെന്നി, ജൂഡ് സി വര്‍ഗീസ്, ഷറഫുദ്ദീന് കെ.എം, എല്‍ ശ്രീകുമാര്‍, കമറുദ്ദീന് പി.എ, ഷഹിം മുഹമ്മദാലി, എസ്.ആര്.വി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു എ എന്‍ എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ 30 വര്‍ഷ സര്‍വീസ് പൂര്‍ത്തീകരിച്ച് ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു.