തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കണ്ണൂർ, കാസർകോട്, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അവധി.
എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കും. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്
തൃശ്ശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കണ്ണൂർ ജില്ലയിലും പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. അങ്കണവാടികൾക്കും ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
കാസർകോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാവുക. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടർ നിർദേശം നൽകി.
ഇടുക്കി ജില്ലയിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കും.
കാസർകോട് ജില്ലയിൽ നിലവിൽ റെഡ് അലർട്ട് ആണ്. നേരത്തെ ഇടുക്കിയിലും കണ്ണൂരിലും മാത്രമായിരുന്നു റെഡ് അലർട്ട്. അടുത്ത മണിക്കൂറുകളിലും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരദേശത്തും മലയോര മേഖലയിലും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.