ക്ലാസ് മുറിയില്‍ ഡെസ്കില്‍ താളംപിടിച്ച് അഞ്ചാം ക്ലാസുകാരന് അഭിജിത്ത് വൈറലായി. സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനൊപ്പണാണ് അഭിജിത്ത് താരമായത്. താളം പിടിച്ച് അഭി കൊട്ടികയറുന്നത് ടീച്ചര്‍ പലവട്ടം കണ്ടതാണ്. ആ കഴിവിനെ ഒന്ന് ഊതിപ്പെരുപ്പിക്കണമെന്ന് ടീച്ചര്‍ക്കും തോന്നിയിട്ടുണ്ട്. ശനിയാഴ്ച ക്ലാസിലെത്തിയപ്പോള്‍ ഒരു കൗതുകം, അഭിജിത്തിനെക്കൊണ്ട് താളംപിടിപ്പിച്ചാലോ എന്ന്. ആവശ്യപ്പെട്ടപ്പോള്‍ ആദ്യം മടിയായിരുന്നു. ‘ലാല്ലേ ലാല്ലേ ലാല്ലാല്ലി ലാല്ലേ… ലാല്ലേ ലാല്ലേ ലാല്ലാല്ലി ലാലില്ലല്ലേ…’ ടീച്ചര്‍ പാടിത്തുടങ്ങിയപ്പോള്‍ അഭിജിത്ത് കൊട്ടിത്തുടങ്ങി.
പാട്ട് മുറുകിയപ്പോള്‍ താളവും മുറുകി. കൈകള്‍കൊണ്ട് മുന്നിലിട്ടിരിക്കുന്ന ഡെസ്കില്‍ സ്വയംമറന്ന് താളവിസ്മയം തീര്‍ക്കുന്ന അഭിജിത്തിനെയാണ് പിന്നീടുകണ്ടത്. ഗോത്രഭാഷയിലുള്ളവര് സ്ഥിരമായി ആലപിക്കാറുള്ള പാട്ടാണ് ടീച്ചര്‍ പാടിയത്. ശബ്ദവിസ്മയം തീര്‍ത്ത അധ്യാപികയെയും നിറഞ്ഞ് ചിരിച്ച് കൊട്ടുന്ന ശിഷ്യനെയും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.
തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ താത്കാലികമായാണ് വെള്ളമുണ്ട എട്ടേനാല് സ്വദേശിനി അഞ്ജന എസ്. കുമാര്‍ ജോലിചെയ്യുന്നത്. കാട്ടിക്കുളത്ത് ഈ വര്‍ഷമാണ് എത്തിയത്. തന്റെ പാട്ടിന് അഭിജിത്ത് കൊട്ടുമ്പോള്‍ അഞ്ജന തന്നെയാണ് വീഡിയോ പകര്‍ത്തിയത്. പിന്നീടിത് അഭിജിത്തിന്റെ ക്ലാസ് ടീച്ചര്‍ പി. അര്‍ഷിതയ്ക്ക് അയച്ചുകൊടുത്തു.
ഞായറാഴ്ച അര്‍ഷിത ഇത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ടീച്ചറുടെ പാട്ടും ശിഷ്യന്റെ കൊട്ടും സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. രാവിലെ എട്ടുമണിക്ക് പോസ്റ്റ് ചെയ്ത വീഡിയോ വൈകീട്ട് അഞ്ചായപ്പോഴേക്കും നാല്പതിനായിരത്തിലധികം പേര് കാണുകയും എഴുന്നൂറോളംപേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കൊച്ചുമിടുക്കന്റെ കഴിവിനെയും അത് പുറംലോകമറിയിച്ച അധ്യാപികമാരെയും വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ. കാട്ടിക്കുളം അമ്മാനി കോളനിയിലെ ബിജുവിന്റെയും ആതിരയുടെയും മകനാണ് അഭിജിത്ത്.