ഇടുക്കി: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചെന്ന് ക് മൂന്നാര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയില്‍ നിന്നും പണംതട്ടി. 10,000 രൂപയാണ് അഡ്മിഷന് എന്ന പേരില്‍ വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ നിന്നും വ്യാജ സംഘം തട്ടിയെടുത്തത്.
മൂന്നാറിലെ സ്വകാര്യ സ്കൂളില്‍ നിന്ന് പ്ലസ്ടൂവിന് ഉന്നതവിജയം കരസ്ഥമാക്കിയ പെണ്‍കുട്ടി 2022-ലെ നീറ്റ് പരീക്ഷയിലും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. തുടര്‍ന്ന് സംവരണ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വിവിധ മെഡിക്കല്‍ കോളേജുകളില്‍ അപേക്ഷ നല്കി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായി സീറ്റ് ലഭിച്ചുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പേരില്‍ പെണ്‍കുട്ടിയ്ക്ക് ഇമെയില്‍ മുഖേന സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് 25,000 രൂപ ഫീസായി അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും, ആദ്യ ഗഡു എന്ന നിലയില്‍ വിദ്യാര്‍ത്ഥിനി 10,000 രൂപ ഗൂഗിള്‍ പേ ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നാലെ ആറ് മാസത്തോളം വിദ്യാര്‍ത്ഥിനിയ്ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ ലഭിയ്ക്കുകയും ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയപ്പോഴാണ് താന്‍ തട്ടിപ്പിനിരയായ വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിയ്ക്കുന്നത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ക്ലാസ് എടുത്തിരുന്നത്. കോളേജില്‍ വരാന്‍ നിര്‍ദ്ദേശിച്ച് കൊണ്ട് മൂന്ന് തവണ ഇമെയില്‍ വന്നിരുന്നെങ്കിലും ശേഷം എത്തേണ്ടതില്ല എന്ന് അറിയിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-ന് മെഡിക്കല്‍ കോളേജില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് പോകുവാനുള്ള ഒരുക്കത്തിനിടയില്‍ വരേണ്ടതില്ലെന്ന് തലേദിവസം മറ്റൊരു ഇമെയില്‍ ഐഡിയില്‍ നിന്നും സന്ദേശം ലഭിച്ചു. ഇതോടെ കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും സംശയം തോന്നുകയായിരുന്നു.
തുടര്‍ന്ന് ജൂണ്‍ 24 -ന് കോളേജിലെത്തി പ്രിന്‍സിപ്പലിനെ കണ്ടതോടെയാണ് തട്ടിപ്പ് മനസിലാകുന്നത്. മെഡിക്കല്‍ കോളേജിലെ അതേ ക്ലാസുകളാണ് ഓണ്‍ലൈന്‍ മുഖേന പെണ്‍കുട്ടി ആറ് മാസം പഠിച്ചതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചതായി പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു.