മൂവാറ്റുപുഴ: കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന് വ്യത്യസ്ത പദ്ധതിയുമായി മീരാസ് ഡിജിറ്റല്‍ പബ്ലിക് ലൈബ്രറി. കുട്ടികളെ കളികളിലൂടെ ആകര്‍ഷിച്ച് അവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കലും വായനാശീലം വളര്‍ത്തലും ആണ് പുതിയ പദ്ധതി. മിരാസ് ലൈബ്രറിയുടെ ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലനം നേടുന്ന 50 ലേറെ കുട്ടികളെയാണ് ഇപ്പോള്‍ പദ്ധതിയില്‍ അംഗമാക്കിയിരിക്കുന്നത്.
കുട്ടികള്‍ക്ക് കഥാ പുസ്തകങ്ങള്‍ നല്‍കിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം ഡോക്ടര്‍ പി ബി സലിം ഐഎഎസ് പായിപ്ര പഞ്ചായത്ത് പ്രസിഡണ്ട് പി കെ അസീസുമായി ചേര്‍ന്ന് നിര്‍വഹിച്ചു. വായനയോടൊപ്പം കുട്ടികള്‍ക്ക് സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നല്കുന്ന രീതിയിലാണ് പദ്ധതി. ലൈബ്രറിയുടെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി ഭാരവാഹികളായ അസീസ് കുന്നപ്പിള്ളി, ഷാജി ഫ്ലോട്ടില, സഹീര്‍ മേനാമറ്റം, അസീസ് പി ബി സച്ചിന് സി ജെ തുടങ്ങിയവര്‍ സംബന്ധിച്ചു.
പുതുതായി തുടങ്ങുന്ന സ്പോര്‍ട്സ് അക്കാദമി ഓഫീസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ലൈബ്രറി ചെയര്മാന് കൂടിയായ ഡോക്ടര്‍ പി ബി സലീം സന്ദര്‍ശിച്ചു നിര്‍ദ്ദേശങ്ങള്‍ നല്കി. ഓഫീസ് വരുന്ന ജനുവരിയോടെ പൂര്‍ത്തിയാകും. ഫുട്ബോള്‍ പരിശീലനത്തോടൊപ്പം പൊതുജനങ്ങള്‍ക്കായി ഒരു ഓപ്പണ്‍ ജിം കൂടി നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.