മദ്രാസ്: നിരന്തരമായ ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് മലയാളി അധ്യാപകന് രാജിവെച്ചു. ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായ വിപിന്‍ പിയാണ് ജോലി രാജിവെച്ചത്.
മദ്രാസ് ഐ.ഐ.ടിയിൽ 2019ലാണ് വിപിന്‍ അധ്യാപകനായി ജോലിക്ക് പ്രവേശിക്കുന്നത്. ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിട്ടായിരുന്നു നിയമനം. അന്ന് മുതല്‍ ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്ന് അദ്ദേഹം പറയുന്നു. താൻ രാജിവെക്കുന്നതിനുള്ള പ്രധാന കാരണം ഇതു തന്നെയാണെന്നും വിപിൻ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അധികാര സ്ഥാനങ്ങളിലുണ്ടായിരുന്ന വ്യക്തികളില്‍ നിന്നാണ് തനിക്ക് ഇത്തരം അനുഭവം നേരിട്ടതെന്നും ഇക്കൂട്ടത്തിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരും ഉണ്ടെന്നും വിപിൻ പറയുന്നു. ഇതിനെതിരെ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു.