സ്കൂളുകള്‍ക്ക് കെഫോണ്‍ ഇന്റര്‍നെറ്റ് നല്കുന്ന പദ്ധതി സംസ്ഥാനത്ത് പാളി. സ്കൂളുകള്‍ ഇന്നു തുറന്നുവെങ്കിലും ആദ്യ പട്ടികയിലെ 2467 സ്കൂളുകളില്‍ ഇനിയും കെ ഫോണ്‍ ഇന്റര്‍നെറ്റ് കിട്ടാതെ വഴിയിലായി. 6591 സ്കൂളുകളിലാണ് നിലവില്‍ കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കുന്നത്. ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി കേബിളുകള്‍ മുറിഞ്ഞതാണ് കൂടുതല്‍ കണക്ഷനുകള്‍ നല്‍കുന്നതിന് തടസമായതെന്ന് കെ ഫോണ്‍ അധികൃതര്‍ പറയുന്നു.
9058 സ്കൂളുകളില്‍ ആദ്യഘട്ടമായി കെഫോണ്‍ ഇന്റര്‍നെറ്റ് ലഭ്യാമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുവരെ 8729 സ്കൂളുകളില്‍ കേബിള്‍ വലിച്ച് കണക്ഷന് നല്കി. 6591 സ്കൂളുകളില്‍ കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കുന്നു. അതായത് ആദ്യ പട്ടികയിലെ 2467 സ്കൂളുകളില്‍ ഇനിയും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ജോലികള്‍ നടക്കവേ, പലയിടത്തും കെഫോണ്‍ കേബിളുകള്‍ മുറിഞ്ഞുപോയിരുന്നു. ഇത് മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നു. കണക്ഷന് നല്കാന് കാലതാമസമുണ്ടാകാന്‍ പറയുന്ന കാരണം ഇതാണ്. ആദ്യ പട്ടികയ്ക്ക് പുറമെ, പുതിയ സ്കൂളുകളുടെ പട്ടികയും കെ ഫോണിന് സര്‍ക്കാര്‍ പുതുതായി കൈമാറി. 4098 സ്കൂളുകളുടെ പട്ടികയാണ് കൈറ്റ് കെ ഫോണിന് കൈമാറിയിരിക്കുന്നത്. അതേസമയം, കണക്ഷന് ലഭിച്ച സ്കൂളുകളില്‍ ഇന്റര്‍നെറ്റിന് മികച്ച വേഗതയുണ്ടെന്നാണ് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.