കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20യുടെ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തടഞ്ഞ് ജില്ലാ കളക്ടര്‍. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമായിരുന്നു മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം. ജില്ലാ കലക്ടര്‍ക്ക് കിഴക്കമ്പലം സ്വദേശികളായ രണ്ട് പേരാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനത്തിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്നാണ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ കളക്ടറുടെ നടപടി.
ഈ മാസം 21ാം തീയതിയായിരുന്നു മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം. സാബു എം ജേക്കബാണ് കിഴക്കമ്പലം ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്.
മെഡിക്കല്‍ സ്റ്റോറിലൂടെ മരുന്നുകള്‍ 80 ശതമാനം വിലക്കുറവില്‍ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. അന്വഷത്തില്‍ ട്വന്റി ട്വന്റി ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴില്‍ കിറ്റക്സ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനമെന്ന് കണ്ടെത്തി. ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറുകള്‍പ്പെട്ട ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിന്റേതെന്നും വ്യക്തമായിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാന്‍ നടപടിയുണ്ടായത്. രാഷ്ട്രീയ പാര്‍ട്ടിക്കും കിറ്റക്സിനും നേതൃത്വം നല്‍കുന്നത് സാബു എം ജേക്കബ് ആണെന്ന കാര്യവും വരണാധികാരി പരിഗണിച്ചു. മെഡിക്കല്‍ സ്റ്റോറുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും ചിത്രങ്ങളും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.
കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 ഇത്തവണ ചാലക്കുടി, എറണാകുളം മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്.