ഓണാഘോഷങ്ങളുടെ ഭാഗമായി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. തുടക്കംമുതല്‍ അവസാനം വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ടീം ‘അസ്ത്രം’ വിജയിച്ചു.
അസ്ത്രം, ഖഡ്ഗം, ഗദ, ഉറുമി എന്നീ പേരുകളില്‍ നാല് ടീമുകളായാണ് ഉദ്യോഗസ്ഥര്‍ മാറ്റുരച്ചത്. ആദ്യ റൗണ്ടില്‍ അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാരയുടെ നേതൃത്വത്തിലുള്ള ടീമായ ‘ഉറുമി’യെ പരാജയപ്പെടുത്തിയാണ് കളക്ടറുടെ ടീം ഫൈനലില്‍ എത്തിയത്. ഫൈനലില്‍ കളക്ടറേറ്റിലെ ഡ്രൈവറായ സുനില്‍ രാജിന്റെ നേതൃത്വത്തിലുള്ള ടീമായ ‘ഖഡ്ഗത്തെ’ മറികടന്നാണ് കളക്ടറുടെ ടീം വിജയം നേടിയത്.
തന്നെ സംബന്ധിച്ചിടത്തോളം ഇത് വേറിട്ട അനുഭവമാണെന്ന് കളക്ടര്‍ പറഞ്ഞു. വടം വലിയും തന്റെ ജോലിയും ഒരു പോലെ ടീം വര്‍ക്ക് ആവശ്യമുള്ളതാണ്. താഴെ തട്ടില്‍ തുടങ്ങി മുകളിലെ തട്ടിലുള്ളവര്‍ വരെ ഒരുമിച്ച് ഒരു മനസോടെ പ്രവര്‍ത്തിക്കുമ്പോഴെ ഒരു ഉദ്യമം വിജയിക്കുകയുള്ളൂ. ഓണവും ഒരുമയുടെ സന്ദേശം നല്കുന്ന ആഘോഷമാണ്. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഔദ്യോഗികതയൊക്കെ മറന്ന് സഹപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം കളക്ടര്‍ വടംവലിക്കാന്‍ ഇറങ്ങിയപ്പോള്‍ കാണികള്‍ക്കും അത് കൗതുകമായി. പ്രൊഫഷണല്‍ വടംവലിക്കാരൊന്നുമല്ലെങ്കിലും തെല്ലും ആവേശം ചോരാതെയുള്ള പോരാട്ടമായിരുന്നു ഓരോ ടീമുകളും കാഴ്ചവച്ചത്. വനിതാ ഉദ്യോഗസ്ഥരുള്പ്പെടെയാണ് ഓരോ ടീമുകളിലും അണിനിരന്നത്. അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന് ഡെപ്യൂട്ടി കളക്ടര്‍മാരായ ബി.അനില്‍ കുമാര്‍, വി.ഇ അബ്ബാസ്, കെ.ഉഷ ബിന്ദുമോള്‍ തുടങ്ങിയവര്‍ മത്സര വേദിയില്‍ ആവേശം പകരാനുണ്ടായിരുന്നു.