കാക്കനാട് : സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യവസായികളുമടക്കം ജില്ലയില്‍ 35-ഓളം പേരുടെ തോക്ക് ലൈസന്‍സ് ജില്ലാ കളക്ടര്‍ റദ്ദാക്കി. പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിലാണ് ഇത്രയും പേരുടെ തോക്ക് കൈവശം െവക്കാനും ഉപയോഗിക്കാനുമുള്ള അധികാരം കളക്ടര്‍ റദ്ദാക്കിയത്. 2018 മുതല്‍ ഇതുവരെയുള്ള കാലയളവ് പരിശോധിച്ച് ലൈസന്‍സ് ഉണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തി അവരുടെ ഭാഗം കേട്ട ശേഷമാണ് നടപടിയെടുത്തത്.
തോക്ക് ലൈസന്‍സ് നേടിയ ശേഷം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട അഞ്ച് പേരുടെയും തോക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 10 പേരുടെ ലൈസന്‍സും റദ്ദാക്കിയ കൂട്ടത്തിലുണ്ട്. ലൈസന്‍സ് പുതുക്കാതെ തോക്ക് കൈവശം െവക്കല്‍, തോക്ക് സ്വന്തം നിലയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത പ്രായമായവര്‍ എന്നിങ്ങനെയുള്ളവരുടെ ലൈസന്‍സും റദ്ദാക്കി.
ജില്ലയില്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളത് 1720 പേര്‍ക്കാണ്. ഇതില്‍ ഭൂരിഭാഗവും പ്രമുഖ വ്യവസായികളാണ്. കൂടാതെ രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍, കര്‍ഷകര്‍, വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമുണ്ട്. തോക്ക് കൈവശം വെക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെയായിരുന്നു നേരത്തേ ലൈസന്‍സ് അനുവദിച്ചിരുന്നത്.
ലൈസന്‍സ് കാലാവധി അവസാനിച്ചാലുടന്‍ തോക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അംഗീകൃത തോക്ക് വില്‍പ്പന ശാലകളിലോ (ആര്‍മറി) സൂക്ഷിക്കാന്‍ ഏല്‍പ്പിക്കണം. ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷകളില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമേ നടപടിയെടുക്കൂ. ഇപ്പോള്‍ അഞ്ചുവര്‍ഷം വരെ ലൈസന്‍സ് അനുവദിക്കാന്‍ നിയമമുണ്ട്.
ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് ഫീസ് 500 രൂപയാണ്. നിയന്ത്രിത വിഭാഗത്തില്‍പ്പെടുന്ന (സൈനികര്‍ ഉപയോഗിക്കുന്നതു പോലെയുള്ള) തോക്കുകള്‍ ഒഴികെയുള്ളവ മാത്രമേ വ്യക്തികള്‍ക്കു കൈവശം െവക്കാന്‍ അനുവാദമുള്ളൂ. റിവോള്‍വര്‍, പിസ്റ്റള്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ വിഭാഗം തോക്കുകളാണ് വ്യക്തികള്‍ക്ക് അനുവദിക്കുക. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുപോലെ തോക്കുകളും രജിസ്റ്റര്‍ ചെയ്യണം. തോക്കിന്റെ മോഡല്‍, അതില്‍ ഉപയോഗിക്കുന്ന ബുള്ളറ്റിന്റെ വലുപ്പം, തോക്കിന്റെ സീരിയല്‍ നമ്പര്‍ തുടങ്ങി തോക്ക് തിരിച്ചറിയാവുന്ന എല്ലാ വിവരങ്ങളും രജിസ്റ്റര്‍ ചെയ്യും. ഒരു വര്‍ഷം പരമാവധി 200 ബുള്ളറ്റുകള്‍ മാത്രമേ വ്യക്തികള്‍ക്ക് അനുവദിക്കൂ. പരമാവധി 100 ബുള്ളറ്റ് മാത്രമേ ഒരേ സമയം കൈവശം െവക്കാന്‍ അനുവാദമുള്ളൂ.