എറണാകുളം: സമ്പൂർണ ലോക്ഡൗൺ രോഗവ്യാപന തോതനുസരിച്ചുള്ള പ്രാദേശിക നിയന്ത്രണങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം. കോവിഡ് രോഗവ്യാപന തോതനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.
ഇതുപ്രകാരം ഗുരുതര രോഗവ്യാപന സാഹചര്യമുള്ളതായി കണക്കാക്കുന്ന ചിറ്റാറ്റുകര പഞ്ചായത്തിൽ മാത്രമാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരുക. കൂടുതൽ രോഗവ്യാപന സാധ്യതയുള്ള വിഭാഗത്തിൽ ജില്ലയിൽ 14 പഞ്ചായത്തുകളാണ് ഉള്ളത്. ഇവിടങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് എല്ലാ ദിവസവും പ്രവർത്തനാനുമതി ഉള്ളത്.
ചെല്ലാനത്ത് നടപ്പിലാക്കിയ കോവിഡ് പ്രതിരോധ മാതൃക ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തൊഴിൽ വകുപ്പിൻ്റെയും സഹകരണത്തോടെ ജില്ലയിലെ അതിഥിത്തൊഴിലാളികൾക്ക് കോവിഡ് വാക്സിൻ നൽകുവാൻ നടപടി സ്വീകരിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.