ട്രെയിൻ മാർഗം തിരുവനന്തപുരത്തെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിനായി തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. യാത്രക്കാരുടെ ആരോഗ്യ പരിശോധന കർശനമായി നടത്തും. ഇതിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റും. യാത്രക്കാരുടെ കൈവശം ഓൺലൈനിൽ അപേക്ഷിച്ച് ലഭിച്ച പാസുണ്ടാകണം. പാസില്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പാസുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
ഓരോ ജില്ലയിലേക്ക് പോകേണ്ടവരെയും തരംതിരിച്ച് വ്യത്യസ്ത കവാടങ്ങളിലൂടെ സാമൂഹ്യ അകലം പാലിച്ചാകും പുറത്തിറക്കുക. ഇതര ജില്ലകളിലേക്കു പോകുന്നവർക്കായി കെ.എസ്.ആർ.ടി.സി ബസ് സൗകര്യമുണ്ടാകും. റെയിൽവെ ടിക്കറ്റ് എടുക്കുന്നവർ പാസിനുവേണ്ടി കോവിഡ്-19 ജാഗ്രത പോർട്ടലിൽ കൂടി അപേക്ഷിക്കണം. അപേക്ഷിച്ചാൽ എത്രയും വേഗം പാസ് ലഭ്യമാക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം.
റെയിൽവെ സ്റ്റേഷനിൽനിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കുമെന്നും കളക്ടർ പറഞ്ഞു.