എറണാകുളം: കോതമംഗലം താലൂക്ക് ഓഫീസില്‍ ജീവനക്കാരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കൂട്ട അവധിയെടുത്ത വിഷയത്തില്‍ തഹസില്‍ദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍ രേണുരാജ് ഐഎഎസ്. അവധി എടുത്ത ദിവസം ജീവനക്കാരുടെ കുറവ് കാരണം ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതേസമയം കാര്യങ്ങളില്‍ വ്യക്തത വന്നതിന് ശേഷം നടപടി വേണോ എന്ന് തീരുമാനിക്കുമെന്ന് എഡിഎംഎസ് ഷാജഹാന് പറഞ്ഞു.
വിഷയം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അവധി എടുത്ത ദിവസത്തില്‍ ഓഫീസ് സേവനം തേടിയെത്തിയ നാട്ടുകാര്‍ ദുരിതത്തിലായിരുന്നു. താലൂക്കിലെ ഒട്ടുമിക്ക വില്ലേജ് ഓഫീസുകളിലും ജീവനക്കാരുണ്ടായിരുന്നില്ല. സംഭവം വിവാദമായതോടെ വിഷയത്തില്‍ റവന്യൂമന്ത്രി കെ.രാജന് ജില്ലാ ഭരണകൂടത്തോട് വിശദീകരണം തേടിയിരുന്നു. അതേ സമയം ചട്ടം പാലിച്ചാണ് അവധി എടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.