തൃശ്ശൂര്‍: കൃഷ്ണ തേജ ഐഎഎസ് എന്ന ഉദ്യോഗസ്ഥന് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നതും ജനകീയനാകുന്നതും ഇതാദ്യമല്ല. തന്റെ അധികാരവൃത്തത്തില്‍ നന്മയുടെ പ്രകാശം പരത്തിയാണദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നോട്ടു പോകുന്നത്.
ആലപ്പുഴയില്‍ കളക്ടറായിരിയ്ക്കെ കുട്ടികളുടെ ഇഷ്ടക്കാരനായ ‘കളക്ടര്‍ മാമന്’ ആയിട്ടാണറിയപ്പെട്ടിരുന്നത് കൃഷ്ണ തേജ. തൃശ്ശൂര്‍ ജില്ലയില്‍ എത്തിയശേഷം അദ്ദേഹത്തിന്റെ കുട്ടികളോടുള്ള സ്നേഹവാത്സല്യവും കരുതലും എന്തെന്ന് തിരിച്ചറിഞ്ഞവര്‍ മുളയം എസ്.ഒ.എസ്. ചില്‍ഡ്രന്‍സ് വില്ലേജിലെ കുട്ടികളാണ്. തൃശ്ശൂരില്‍ ചുമതലയേറ്റശേഷം തന്റെ ആദ്യമാസത്തെ ശമ്പളം അദ്ദേഹം മുളയം എസ്.ഒ.എസ്. ഗ്രാമത്തിന് സംഭാവന നല്‍കുകയാണ് ചെയ്തത്. കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നും കഴിവുള്ളവര്‍ ഇവിടുത്തെ കുട്ടികളെ സഹായിക്കുന്നതിനായി മുന്നോട്ടുവരണമെന്നും ചില്‍ഡ്രന്‍സ് വില്ലേജ് സന്ദര്‍ശിച്ചശേഷം കൃഷ്ണ തേജ പറഞ്ഞു.
2016-ല്‍ തൃശ്ശൂര്‍ അസിസ്റ്റന്റ് കളക്ടറായിരിയ്ക്കെ എസ്.ഒ.എസ്. ചില്‍ഡ്രന്‍സ് വില്ലേജില്‍ വന്ന ഓര്‍മ്മകള്‍ പങ്കുവച്ച അദ്ദേഹം അന്നത്തേതിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇപ്പോള്‍ ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.
- കൂവപ്പടി ജി. ഹരികുമാര്‍