തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് ജില്ലകളില്‍ കളക്ടര്‍മാരെ മാറ്റി. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെ എറണാകുളം കളക്ടറായ രേണു രാജ് തെറിച്ചു. വയനാട്ടിലാണ് പുതിയ നിയമനം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഉമേഷ് എന്‍എസ്കെയാണ് പുതിയ എറണാകുളം കളക്ടര്‍. എറണാകുളത്തിന് പുറമേ വയനാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്.
നിലവിലുള്ള വയനാട് കലക്ടര്‍ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. തൃശൂര്‍ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ആലപ്പുഴ കളക്ടര്‍ വൈആര്‍ കൃഷ്ണ തേജയെ തൃശൂര്‍ കളക്ടറായി മാറ്റി നിയമിച്ചു.
ധനകാര്യവകുപ്പ് സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ മൊഹമ്മദ് വൈ സഫിറുള്ളയെ ഈ ഹെല്‍ത്ത് പ്രോജക്ട് ഡയറകര്ക്കുള്ള അധിക ചുമതല നല്കി. ഐടി മിഷന് ഡയറക്ടര്‍ സ്നേഹില്‍ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായ അനു കുമാരി ഐഎഎസിനെ കേരള ഐടി മിഷന് ഡയറക്ടറായി നിയമിച്ചു. തിരുവനന്തപുരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസിന് തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല നല്കി.