മുവാറ്റുപുഴ :മണ്ണാങ്കടവിലെ പുറമ്പോക്ക് കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴുപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നഗരസഭ വാര്‍ഡ്-16-ലെ മണ്ണാന്കടവിലേക്ക് പോകുന്ന റോഡിലെ തോട് പുറമ്പോക്ക് ഭൂമി കൈയ്യേറിയിരിക്കുന്നതിനെതിരെ കൗണ്‍സിലര്‍ വി എം ജാഫര്‍ സാധിക്ക് നല്കിയ പരാതിയിലാണ് കളക്ടറുടെ ഉത്തരവ്.
മണ്ണാന്കടവിലേക്ക് പോകുന്ന ആരക്കുഴ റോഡില്‍ നിന്നും പേട്ട അങ്കണവാടിയിലേക്ക് പോകുന്നവഴിയിലെ തോട് പുറമ്പോക്ക് കൈയ്യേറ്റം ഒഴുപ്പിക്കുന്നതിന് മുവാറ്റുപുഴ നഗരസഭ സെക്രട്ടറിക്ക് കളക്ടര്‍ അനുമതിനല്‍കി. മഴക്കാലത്ത് ഈ തോട്ടിലൂടെ വെള്ളം നിറഞ്ഞൊഴുകി സമീപവാസികള്‍ക്കും, മറ്റ് കാല് നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതുമായി ബാന്ധപെട്ടായിരുന്നു കൗണ്‍സിലറുടെ പരാതി.
ജാഫര്‍ സാദിഖ് മുവാറ്റുപുഴ നഗരസഭ സെക്രട്ടറിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് ഭൂരേഖ തഹസീല്‍ദാര്‍ക്ക് നഗരസഭ സെക്രട്ടറി നല്കിയ അപേക്ഷയെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 3 – ന് താലൂക്ക് സര്‍വ്വെയര്‍ സ്ഥലത്തെ തോട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി പ്ലാനും, സ്കെച്ചും,റിപ്പോര്‍ട്ടും നഗരസഭസെക്രട്ടറിക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ടി കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ച് നല്‍കണമെന്നാവശ്യപെട്ട് ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൈയ്യേറ്റം ഒഴുപ്പിക്കുന്നതിന് നഗരസഭ സെക്രട്ടറിക്ക് അനുമതി നല്‍കികൊണ്ട് ഉത്തരവായിട്ടുള്ളത്.
ഈ സ്ഥലത്തെ കൈയ്യേറ്റ ഭൂമി അളന്ന് തിട്ടപെടുത്തുന്ന സാഹചര്യത്തില്‍ ഒരു വ്യക്തിയുടെ സ്ഥലത്തെ പുറമ്പോക്ക് ഭൂമിയിലെ കൈയ്യേറ്റത്തിന്റെ യഥാര്‍ത്ഥ അളവ് കാണിക്കാതെയാണ് മുവാറ്റുപുഴ താലൂക്ക് സര്‍വ്വെയര്‍ സ്കെച്ചും, പ്ലാനും, റിപ്പോര്‍ട്ടും നല്‍കിയിട്ടുള്ളതെന്ന് ചൂണ്ടികാട്ടി നഗരസഭ സെക്രട്ടറി ജില്ലാകളക്ടര്‍ക്ക് ആക്ഷേപം നല്‍കുകയും, ഈ സ്ഥലം ഒഴുവാക്കി വേണം മറ്റ് പുറമ്പോക്ക് ഭൂമി ഒഴുപ്പിക്കുന്നതിന് നടപടി സ്വീകരിക്കാവൂഎന്നും ഉത്തരവില്‍ പറയുന്നു. ഈ സ്ഥലം റീ സര്‍വ്വെ നടത്തുന്നതിന് ജില്ലാ സര്‍വ്വെ സൂപ്രണ്ടിന് കളക്ടര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.